കൊച്ചി (Kochi) : ചേർത്തല (Cherthala) സ്വദേശിയായ യുവാവ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. ആകർഷകമായ പരസ്യത്തിൽ വിവാഹം നടക്കുമെന്ന് ഉറപ്പുനൽകി മാട്രിമോണി സൈറ്റി (Matrimoni Site) ൽ രജിസ്ട്രേഷൻ ചെയ്ത യുവാവിന് വിവാഹം നടക്കാതെ വന്ന സംഭവത്തിൽ നഷ്ട പരിഹാരം നൽകാൻ ഉത്തരവ്. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് ഉത്തരവ്.
സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ 2018 ഡിസംബറിൽ യുവാവ് ഫ്രീയായി പ്രൊഫൈൽ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് ശേഷം വെബ്സൈറ്റിന്റെ ഓഫീസിൽ നിന്നും പലതവണ ബന്ധപ്പെടുകയും തുക നൽകിയാലേ പങ്കാളിയുടെ വിവരങ്ങൾ നൽകുകയുള്ളൂ എന്നും വിശദമാക്കി. പണം നൽകി രജിസ്റ്റർ ചെയ്താൽ വിവാഹം നടത്തുന്നതിന് വേണ്ടി എല്ലാ സഹായവും ചെയ്തു നൽകാമെന്നും ഇവർ വാഗ്ദാനവും നൽകി.
ഇതിനായി 4100 രൂപ ഫീസായും ഈടാക്കി. എന്നാൽ പണം നൽകിയതിന് ശേഷം ഫോൺ കോളുകൾക്ക് മറുപടിയില്ലാതെ വരികയായിരുന്നു. പിന്നാലെ ഓഫീസിൽ പോയി അന്വേഷിച്ചിട്ടും പ്രതികരണമുണ്ടാകാത്ത സാഹചര്യത്തിലാണ് യുവാവ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.
2019 ജനുവരി മുതൽ 3 മാസത്തേക്ക് 4,100 രൂപയ്ക്ക് ക്ലാസിക് പാക്കേജിൽ കീഴിൽ പരാതിക്കാരൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, രണ്ടായിരത്തിലെ ഐടി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഇടനിലക്കാർ മാത്രമാണ് തങ്ങളെന്നും സേവന കാലയളവിൽ വിവാഹം ഉറപ്പു നൽകിയിരുന്നില്ലെന്നുമാണ് കോടതിയിൽ മാട്രിമോണി സ്ഥാപനം വ്യക്തമാക്കിയത്.
വിവാഹം നടക്കുമെന്ന തരത്തിൽ ആകർഷകമായ പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ ആകർഷിച്ച ശേഷം ഉത്തരവാദിത്വത്തിൽ നിന്നും ഒഴിവാക്കുന്ന നടപടി അധാർമിക വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയും ആണെന്ന് കോടതി വിലയിരുത്തി. രജിസ്ട്രേഷൻ ഇനത്തിൽ ചിലവായ 4100 രൂപ തിരികെ നൽകുന്നതിനും കൂടാതെ 28000 രൂപ നഷ്ടപരിഹാരമായും എതിർകക്ഷി പരാതിക്കാരന് നൽകുന്നതിന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് എതിർകക്ഷികൾക്ക് ഉത്തരവ് നൽകിയത്.