തൃശൂര്‍: അരണാട്ടുകരയില്‍ വാടകവീട്ടില്‍ നിന്ന് 4000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി.ഏങ്ങണ്ടിയൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഇത്തിക്കാട്ട് ധനേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതിയായ വാടനപ്പള്ളി ബീച്ച് തയ്യില്‍ വീട്ടില്‍ മണികണ്ഠനാണ് പോലീസ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചക്ക് ചാലക്കുടി പോട്ടയില്‍ കാറില്‍ കടത്തുകയായിരുന്ന 350 ലിറ്റര്‍ സ്പിരിറ്റുമായി ഈരാറ്റുപേട്ട സ്വദേശി സച്ചു രാമകൃഷ്ണനെ പോലീസ് പിടികൂടിയിരുന്നു.
ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് തൃശൂര്‍ അരണാട്ടുകരയിലെ വാടകവീട്ടില്‍ സ്പിരിറ്റ് ശേഖരിച്ചതായി വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്പിരിറ്റ് കണ്ടെത്തുകയായിരുന്നു. ഈ സംഭവത്തിലാണ് മണികണ്ഠന്‍ പിടിയിലായത്.
കിടപ്പുമുറിയോടു ചേര്‍ന്നുള്ള മുറിയില്‍ കട്ടിലിനടിയിലും മുകളിലുമായാണ് നൂറിലധികം കന്നാസുകളിലായി സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.
പ്രതിമാസം 18,000 രൂപയാണ് വീടിന്റെ വാടക. വീട്ടിലെ കാര്യങ്ങള്‍ പുറത്തുകാണാതിരിക്കാന്‍ ഷീറ്റ് കൊണ്ട് മറച്ചും വിദേശനായ്ക്കളെ കാവല്‍ നിര്‍ത്തിയുമായിരുന്നു സ്പിരിറ്റ് കച്ചവടമെന്ന് പോലീസ് പറഞ്ഞു. വെസ്റ്റ് എസ്.ഐ. സതീഷ്, സി.പി.ഒ.മാരായ ടോണി, മുകേഷ്, അനുഷ എന്നിവര്‍ വ്യാജമദ്യം കണ്ടെടുത്ത സംഘത്തിലുണ്ടായിരുന്നു.