ആലപ്പുഴ (Alappuzha) : പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല ഡിസംബര്‍ നാലിന്. (The famous Chakkulathukavu Pongala is on December 4th.) വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദിവസമാണ് പൊങ്കാല. നവംബര്‍ 23 ഞായറാഴ്ച മുതല്‍ കാര്‍ത്തിക പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിക്കും. അന്നേദിവസമാണ് പൊങ്കാലയുടെ പ്രധാന ചടങ്ങായ കാര്‍ത്തിക സ്തംഭം ഉയര്‍ത്തല്‍ നടക്കുന്നത്.
പൊങ്കാല ദിവസമായ ഡിസംബര്‍ നാലിന് പുലര്‍ച്ചെ 4 ന് നിര്‍മ്മാല്യദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാര്‍ഥനയും നടക്കും. തുടര്‍ന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കില്‍ നിന്നും ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി കൊടി വിളക്കിലേക്ക് ദീപം പകരും. ശേഷം നടപന്തലില്‍ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദര്‍ശിയായ രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്‌നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.
ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരിയുടെ കാര്‍മ്മിക നേതൃത്വത്തില്‍ രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും.
11 ന് 500- ല്‍ അധികം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും.


