തൃശ്ശൂര്‍ (Thrissur) : ഇരിങ്ങാലക്കുട സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ടിടിഇയെ തള്ളിയിടാന്‍ ശ്രമിച്ച സംഭവത്തില്‍ അക്രമിക്കെതിരെ പെറ്റിക്കേസ് മാത്രം ചുമത്തി വിട്ടയച്ചു. (In the incident where a TTE was tried to be pushed off a moving train near Irinjalakuda station, only a petty case was filed against the attacker and he was released.) കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയെ പരാതി ലഭിക്കാത്തതിനാലാണ് പൊലീസ് വിട്ടയച്ചത്. മദ്യപിച്ച് ശല്യം ചെയ്‌തെന്ന നിലയില്‍ പെറ്റിക്കേസ് മാത്രമാണ് പ്രതിയായ പാലക്കാട് സ്വദേശിക്കെതിരെ ചുമത്തിയത്.
ട്രെയിനില്‍ ഇത്തരം സംഭവങ്ങളുണ്ടായാല്‍ പതിവുള്ള മെമ്മോ നല്‍കിയിട്ടില്ലെന്നും അതിനാലാണ് പെറ്റിക്കേസില്‍ ഒതുങ്ങാന്‍ കാരണമെന്നുമാണ് റെയില്‍വേ പൊലീസിന്റെ വിശദീകരണം. സംഭവത്തില്‍ മൊഴിയെടുപ്പ് ബുധനാഴ്ച നടന്നേക്കും. എന്നാല്‍ ഓടുന്ന ട്രെയിനില്‍നിന്നു തള്ളിയിടാനുള്ള ശ്രമത്തെത്തുടര്‍ന്ന് കടുത്ത മാനസികാഘാതത്തിലായിരുന്നെന്നും ഇതുമൂലമാണ് രേഖാമൂലം പരാതി നല്‍കാതെ വീട്ടിലേക്ക് മടങ്ങിയതെന്നുമാണ് എറണാകുളത്തെ സ്‌ക്വാഡ് ഇന്‍സ്‌പെക്ടറായ എ സനൂപ് പറയുന്നത്. കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളില്ലെങ്കില്‍ അടുത്തദിവസം തന്നെ നേരിട്ടെത്തി മൊഴി നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും സനൂപ് വ്യക്തമാക്കി.


