മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയുടെ എഴുപത്തി മൂന്നാം ജന്മദിനമാണിന്ന്. 1951 സെപ്തംബർ 7-ാം തീയതി വൈക്കത്തിന് അടുത്ത് ചെമ്പിൽ പാണപ്പറമ്പിൽ ഇസ്മായിലിന്റെയും ഫാത്തിമയുടെയും മകനായിട്ടാണ് മമ്മൂട്ടി ജനിക്കുന്നത്. മുഹമ്മദ് കുട്ടി എന്നായിരുന്നു ബാപ്പയും ഉമ്മയും തങ്ങളുടെ മൂത്ത മകന് നൽകിയ പേര്. പാണപ്പറമ്പിൽ ഇസ്മായിൽ മുഹമ്മദ് കുട്ടി അഥവാ പി ഐ മുഹമ്മദ് കുട്ടി എന്നായിരുന്നു മുഴുവൻ പേര്.
കുട്ടിക്കാലത്തും പിന്നീട് കോളേജിൽ എത്തിയപ്പോഴും മമ്മൂട്ടിക്ക് തന്റെ പേര് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. പ്രായം കൂടിയ ആളുടെ പേരാണ് മുഹമ്മദ് കുട്ടിയെന്നായിരുന്നു അക്കാലത്ത് തന്റെ പേരിനെ കുറിച്ച് മമ്മൂട്ടിക്കുണ്ടായിരുന്ന ധാരണ. അതുകൊണ്ട് തന്നെ കോളേജിൽ സുഹൃത്തുക്കൾക്കിടയിൽ തന്റെ പേര് ഒമർ ഷെരീഫ് എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.