നാഗർകോവിൽ (Nagarkovil) : വ്യാജ പൊലീസ് ചമഞ്ഞ് നാഗർകോവിലിൽ എത്തിയ യുവതി പൊലീസ് പിടിയിൽ. ചെന്നൈയിലെ ക്രൈംബ്രാഞ്ച് സ്റ്റേഷൻ എസ്.ഐയെന്ന വ്യാജേന പോലീസ് യൂണിഫോമിലെത്തിയ തേനി പെരിയകുളം സ്വദേശി അഭിപ്രിയ (34) ആണ് അറസ്റ്റിലായത്. പാർവതിപുരം സ്വദേശി വെങ്കിടേഷിന്റെ പരാതിയിലാണ് വടശേരി പൊലീസ് അഭിപ്രിയയെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
നാഗർകോവിൽ വനിതാ കോളേജിന് സമീപത്തുവെച്ച് വെങ്കിടേഷിനെ പരിചയപ്പെട്ട ശേഷം ഇദ്ദേഹത്തിന്റെ ഭാര്യയുടെ ബ്യൂട്ടിപാർലറിലെത്തി ഇവർ മുഖം ഫേഷ്യൽ ചെയ്ത് പണം കടം പറഞ്ഞ് പോകുകയായിരുന്നു. സംശയം തോന്നിയതിന് ശേഷം വെങ്കിടേഷ് വടശേരി പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന്, അഭിപ്രിയയെ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ആൾമാറട്ടത്തിന് പിന്നിലെ ട്വിസ്റ്റ് പുറത്ത് വരുന്നത്.
പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇവർ മറ്റുപലരെയും കബളിപ്പിച്ചതായി സംശയം ഉള്ളതായും കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ അഭിപ്രിയ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. കാമുകന്‍ പറഞ്ഞിട്ടാണ് പൊലീസ് വേഷമിട്ടതെന്നാണ് അഭിപ്രിയ പൊലീസിനോട് പറഞ്ഞത്. കാമുകനെ പൊലീസ് തേടി വരുകയാണ്. നിലവിൽ അഭിപ്രിയ തക്കല ജയിലിലാണ്.
13 വർഷം മുമ്പ് മുരുകൻ എന്ന ആളുമായി അഭിപ്രിയയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാൽ, അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇരുവരും ബന്ധം പിരിഞ്ഞു. തുടർന്ന്, ഒരു ടെക്സ്റ്റൈൽ ഷോറൂമിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു കാമുകനായ പൃഥ്വിരാജുമായി അടുപ്പത്തിലായത്. എന്നാൽ, ഒരു പൊലീസ് ഉദ്യോഗസ്ഥയെ അല്ലാതെ വിവാഹം കഴിക്കാൻ മാതാപിതാക്കൾ സമ്മതിക്കില്ലെന്ന് പൃഥ്വിരാജ് പറഞ്ഞതോടെയാണ് ഇവർ പൊലീസ് വേഷം ധരിക്കാൻ തുടങ്ങിയത്.