“എന്നെയും അനീഷേട്ടന്റെ വീട്ടുകാരെയും കൊല്ലും, അവർ പുറത്തിറങ്ങരുത്”; പൊട്ടിക്കരഞ്ഞ് ഹരിത; പൊട്ടിച്ചിരിച്ച് പ്രതികൾ…

Written by Web Desk1

Published on:

പാലക്കാട് (Palakkad) : തേങ്കുറിശ്ശി ​ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹ​രിത. വധശിക്ഷയോ ഇരട്ട ജീവപര്യന്തമോ പ്രതീ​ക്ഷിച്ചിരുന്നുവെന്നും നിലവിലെ ശിക്ഷാവിധിയിൽ അതൃപ്തിയുണ്ടെന്നും ഹരിത പ്രതികരിച്ചു. പ്രതികൾ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയാൽ തന്നെയും അനീഷിന്റെ കുടുംബത്തെയും കൊല്ലും. അതിനാൽ ജീവപര്യന്തം ശിക്ഷ പര്യാപ്തമല്ല. വധശിക്ഷ തന്നെ ലഭിക്കണമെന്നും ഹരിത മാദ്ധ്യമങ്ങളോട് പറഞ്ഞു.

നാടിനെയൊന്നാകെ നടുക്കിയ കൊലപാതകം 2020ലായിരുന്നു നടന്നത്. വീട്ടുകാരുടെ എതിർപ്പ് അവ​ഗണിച്ച് ഹരിത വിവാഹം കഴിച്ചതാണ് കൊലപാതകത്തിന് കാരണം. ഭർത്താവ് അനീഷിനെ നടുറോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. ഹരിതയുടെ അച്ഛൻ പ്രഭുകുമാർ, അമ്മാവൻ സുരേഷ് കുമാർ എന്നിവർ ചേർന്നാണ് കൊലപ്പെടുത്തിയത്.

മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ മകൾ വിവാഹം കഴിച്ചതാണ് കുടുംബത്തെ പ്രകോപിപ്പിച്ചത്. കല്യാണം കഴിഞ്ഞയുടനെ ഹരിതയുടെ വീട്ടുകാർ കൊലവിളി മുഴക്കിയിരുന്നു. 90 ദിവസത്തിനകം അനീഷിനെ കൊല്ലുമെന്നായിരുന്നു പിതാവിന്റെ ഭീഷണി. 88-ാം ദിവസം കൃത്യം നടപ്പിലാക്കുകയും ചെയ്തു. അനീഷിനെ കൊല്ലുമെന്ന് കുടുംബം ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും സ്വന്തം അച്ഛനും അമ്മാവനും ചേർന്ന് തന്റെ താലിയറുക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ഹരിത പറയുന്നു.

പ്രതികൾക്ക് വധശിക്ഷ തന്നെ ലഭിക്കണമെന്ന് അനീഷിന്റെ മാതാപിതാക്കളും പ്രതികരിച്ചു. സ്നേഹിച്ച് കല്യാണം കഴിച്ചുവെന്ന കുറ്റം മാത്രമേ തന്റെ മകൻ ചെയ്തിട്ടുള്ളൂവെന്ന് പറഞ്ഞ് കോടതിക്ക് മുൻപിൽ പൊട്ടിക്കരയുകയായിരുന്നു കുടുംബം. ജീവപര്യന്തം ശിക്ഷയെന്ന വിധി വന്നിട്ടും യാതൊരു കൂസലുമില്ലാതെയാണ് പ്രതികൾ കോടതി വരാന്തയിൽ നിന്നിരുന്നത്.

കൊലപാതകവും ഭീഷണിപ്പെടുത്തലും തെളിഞ്ഞെങ്കിലും ​ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. അതിനാലാണ് ശിക്ഷ ജീവപര്യന്തത്തിൽ ഒതുങ്ങിയതെന്നാണ് വിലയിരുത്തൽ. ശിക്ഷാകാലയളവ് കഴിഞ്ഞാൽ പുറത്തിറങ്ങുന്ന പ്രതികൾ ഹരിതയ്‌ക്കും അനീഷിന്റെ കുടുംബത്തിനും ഭീഷണിയാകുമെന്ന ആശങ്കയാണ് ഉയരുന്നത്.

See also  മുളപ്പിച്ച ധാന്യങ്ങൾ കഴിച്ചാൽ ഗുണങ്ങൾ ധാരാളം …

Leave a Comment