കൊച്ചി : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടു ഭാര്യ കെ.മഞ്ജുഷ നല്കിയ ഹര്‍ജിയില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. അന്വേഷണം സംബന്ധിച്ചു സത്യവാങ്മൂലവും നല്‍കണം. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്‍സ്പെക്ടര്‍ക്കാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് നിര്‍ദേശം നല്‍കിയത്. സിബിഐയ്ക്ക് നോട്ടിസ് അയയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ എസ്ഐടി അന്തിമ റിപ്പോര്‍ട്ട് നല്കുന്നതു തടയണമെന്ന ഹര്‍ജിക്കാരുടെ ഇടക്കാല ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. അന്വേഷണം നടക്കട്ടെയെന്നു കോടതി വ്യക്തമാക്കി.
ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള പ്രതി തെളിവുകള്‍ നിര്‍മിക്കുകയാണെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന് വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രോട്ടോകോള്‍ പ്രകാരം പ്രതിയുടെ താഴെയുള്ളവരാണ്. നവീന്‍ ബാബുവിനു കൈക്കൂലി നല്കിയെന്നു പറയുന്ന പ്രശാന്തന്റെ പേരും ഒപ്പും വ്യത്യസ്തമാണ്. അന്വേഷണ സംഘം പ്രതികളെ സഹായിക്കുകയാണ്. പ്രത്യേകാന്വേഷണ സംഘം എന്ന പേരുമാത്രമേയുള്ളൂ എന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എഡിഎമ്മിന്റേത് ആത്മഹത്യയല്ലേ എന്നും കൊലപാതകമെന്നു സംശയിക്കാന്‍ എന്താണ് കാരണമെന്നും കോടതി ചോദിച്ചു.