തൃശൂര്‍ മുളങ്കുന്നത്ത് കാവില്‍ ടൂ വീലര്‍ സ്‌പെയര്‍ പാര്‍ട്‌സ് ഗോഡൗണിന് വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ പാലക്കാട് സ്വദേശിയും ഗോഡൗണിലെ ജോലിക്കാരനുമായ നിബിന്‍(22) മരണപ്പെട്ടു. തീയണയ്ക്കാനായി ശുചിമുറിയില്‍ നിന്നും വെളളം എടുക്കാന്‍ പോയപ്പോള്‍ കുടുങ്ങിപോകുകയായിരുന്നു. രണ്ട് മണിക്കൂര്‍ ഗോഡൗണ്‍ തുടര്‍ച്ചയായി കത്തി. തൃശൂര്‍, ഗുരുവായൂര്‍, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനയിലെ ഫയര്‍ എന്‍ജിനുകളും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രദേശമെങ്ങും വലിയതോതില്‍ പുക പടര്‍ന്നു.പതിനായിരം ചതുരശ്രയടിയോളം വിസ്തീര്‍ണമുള്ള ഗോഡൗണിലാണ് ഇപ്പോള്‍ തീ പടര്‍ന്നത്. മറ്റ് ജീവനക്കാര്‍ 5 മണിക്ക് ജോലികഴിഞ്ഞ് മടങ്ങിയത് വന്‍ അപകടം ഒഴിവായി.
കര്‍ണാടകയിലുള്‍പ്പെടെ ടൂവീലര്‍ സ്‌പെയര്‍പാര്‍ട്‌സ് കച്ചവടം നടത്തുന്ന കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടേതാണ് സ്ഥാപനം. പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ നിലയിലാണ് മിക്ക സ്‌പെയര്‍പാര്‍ട്‌സുകളും ഉണ്ടായിരുന്നത്. ഇതും തീ ആളിപ്പടരുന്നതിന് കാരണമായി.
ഷട്ടറുകള്‍ തകര്‍ത്തതാണ് അഗ്‌നിശമനസേന അകത്ത് കയറിയത്. അകത്ത് വെല്‍ഡിംഗ് വര്‍ക്കുകള്‍ ഉള്‍പ്പെടെ നടന്നിരുന്നു.ജോലിക്കിടയില്‍ തീപ്പൊരി പടര്‍ന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഗോഡൗണില്‍ ആവശ്യത്തിന് വായുസഞ്ചാരമില്ലായിരുന്നു എന്നും അടിസ്ഥാന അഗ്‌നിശമന ഉപകരണങ്ങള്‍ പോലുമില്ലായിരുന്നൂവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.