ഇന്ത്യൻ ക്രിക്കറ്റിൽ സഞ്ചു തരംഗം , തുടർച്ചയായ രണ്ട് സെഞ്ച്വറികൾ ദക്ഷിണാഫ്രിക്കൻ ബോളർമാരെ അടിച്ചൊതുക്കി. ആരാധകർ ആവേശത്തിൽ

Written by Taniniram

Published on:

ഡര്‍ബന്‍: ബംഗ്ലാദേശിനെതിരെ നിര്‍ത്തിയിടത്തു നിന്നും തുടങ്ങി സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കക്കെതിരെ അതിവേഗത്തില്‍ സെഞ്ച്വറി നേടിയാണ് സഞ്ജു സാംസണ്‍ തന്റെ സ്ഥാനം അരക്കട്ടുറപ്പിച്ചത്. കിങ്സ്മേഡില്‍ പ്രോട്ടീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചൊതുക്കി. 50 പന്തില്‍ 107 റണ്‍സുമായി സഞ്ജു പുറത്തായി. ദക്ഷിണാഫ്രിക്കക്കെതിരെ ടി 20യില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് സഞ്ജു ഡര്‍ബനിലെ കിങ്സ്മേഡില്‍ കുറിച്ചത്. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന അപൂര്‍വനേട്ടം സ്വന്തമാക്കി. രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം താരമാണ് സഞ്ജു.

27 പന്തില്‍ അര്‍ധെസഞ്ചുറിയിലെത്തിയ സഞ്ജു സെഞ്ചുറിയിലെത്താന്‍ എടുത്തത് 20 പന്തുകള്‍ കൂടി മാത്രമായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ താരത്തിന്റെ അതിവേഗ ടി20 സെഞ്ചുറിയെന്ന റെക്കോര്‍ഡും ഡര്‍ബനില്‍ സഞ്ജു അടിച്ചെടുത്തു. 55 പന്തില്‍ സെഞ്ചുറിയിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡാണ് 47 പന്തില്‍ സെഞ്ചുറിയിലെത്തി സഞ്ജു മറികടന്നത്.

ഏഴ് ഫോറും ഒമ്പത് സിക്സും സഹിതമാണ് സഞ്ജു സെഞ്ചുറി തികച്ചത്. പാട്രിക് ക്രുഗര്‍ക്കതിരെ സിക്സ് അടിച്ച് 98ല്‍ എത്തിയ സഞ്ജു അടുത്ത പന്തില്‍ സിംഗിളെടുത്ത് 99ല്‍ എത്തി. കേശവ് മാഹാരാജിനെതിരെ സിംഗിളെടുത്ത് തന്റെ രണ്ടാം ടി20 സെഞ്ചുറിയിലെത്തി. സെഞ്ചുറിക്കുശേഷം എന്‍കബയോംസി പീറ്ററിനെ വീണ്ടും സിക്സിന് പറത്തിയ സഞ്ജു അടുത്ത പന്തും സിക്സ് അടിക്കാനുള്ള ശ്രമത്തില്‍ ബൗണ്ടറിയില്‍ ട്രിസ്റ്റന്‍ സ്റ്റബ്സിന്റെ കൈകളിലെത്തി.

മത്സരത്തില്‍ ഇന്ത്യക്ക് 61 റണ്‍സിന്റെ കൂറ്റന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണിന്റെ സെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി 17.5 ഓവറില്‍ 141 റണ്‍സിലൊതുങ്ങി. 22 പന്തില്‍ 25 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി 25 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ രവി ബിഷ്ണോയ് 28 റണ്‍സിന് 3 വിക്കറ്റെടുത്തു. ജയത്തോടെ നാല് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും.

See also  കരുനാഗപ്പളളിയിൽ നിന്ന് കാണാതായ ഐശ്വര്യയെ കണ്ടെത്തി, തൃശൂരിലെ ധ്യാനകേന്ദ്രത്തിലെന്ന് വിവരം, ആശങ്കകൾക്ക് അവസാനം.

Related News

Related News

Leave a Comment