വ്യാജവാർത്ത നൽകിയും വിരട്ടിയും എന്നെ നിങ്ങളുടെ ലൈനിൽ കൊണ്ടുവരാമെന്ന് ധരിക്കുന്നത് മണ്ടത്തരം : മാതൃഭൂമിക്കെതിരെ പ്രശാന്ത് ഐഎഎസ്

Written by Taniniram

Published on:

മാതൃഭൂമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത് ഐഎഎസ്. പ്രശാന്തിനെതിരെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഐഎഎസ് റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്തയാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ഇതിന് ശക്തമായ മറുപടിയാണ് പരിഹാസം കലര്‍ത്തി പ്രശാന്ത് ഫേസ്ബുക്കിലൂടെ നല്‍കിയിരിക്കുന്നത്.

പ്രശാന്തിന്റെ കുറുപ്പിന്റെ പൂര്‍ണ്ണരൂപം

വായന നല്ലതാണ്‌. എന്നാൽ എന്ത്‌ വായിക്കുന്നു എന്നതാണ്‌ കൂടുതൽ പ്രധാനം. ദുഷ്ടബുദ്ധികളും, മാനുഷിക മൂല്യങ്ങളില്ലാത്തവരും, പ്രൊഫഷനലിസം ഇല്ലാത്തവരും, സഹജീവികളോട്‌ അനുകമ്പയില്ലാത്തവരും, നുണപറയാൻ മടിയില്ലാത്തവരും, ക്രിമിനലുകളായും മാറാൻ‌ മനസ്സിനെ ദുഷിപ്പിക്കുന്നവ വായിച്ചാൽ മതി. തെറ്റായ വിവരങ്ങൾ നിരന്തരം വായിക്കുന്നവർക്ക്‌ ‌ ലോകത്തെക്കുറിച്ച്‌ വികലമായ കാഴ്ചപ്പാട്‌ ഉണ്ടായി വരും. വളർന്ന് വരുന്ന കുട്ടികളുള്ള വീടുകളിൽ എന്ത്‌ കൊണ്ട്‌ ‘മാതൃഭൂമി’ വാങ്ങരുതെന്ന് വിശദീകരിക്കുന്ന ഒരു ക്ഷേത്ര പ്രഭാഷണം കേട്ടത്‌ ഓർക്കുന്നു. കുഞ്ഞുങ്ങളെയും കൗമാരക്കാരെയും മൂല്യച്യുതിയുടെ പടുകുഴിയിലേക്ക്‌ തള്ളി വിടുന്ന‌ അധഃപതനത്തിന്റെ സാമ്പിൾ ഇന്നത്തെ അവരുടെ ഫ്രണ്ട്‌ പേജിൽ തന്നെ ഉണ്ട്‌. മാതൃഭൂമി പത്രം, ‘ഇന്നത്തെ വ്യാജമല്ലാത്ത വാർത്തകൾ’ എന്നൊരു കോളം തുടങ്ങുന്നത്‌ നന്നായിരിക്കും. വളരെ ചെറുത്‌ മതിയാവും.

പറഞ്ഞുവരുന്നത് ഇന്നത്തെ മാതൃഭൂമി പത്രത്തിന്റെ ഒന്നാംപേജിൽ വന്ന സ്‌ഫോടനാത്മകമായ ഒരു വാർത്തയെപ്പറ്റിയാണ്. എസ് സി എസ്ടി വകുപ്പിനു കീഴിലെ ‘ഉന്നതി’യുമായി ബന്ധപ്പെട്ട കുറേ ഫയലുകൾ കാൺമാനില്ലെന്നും എൻ. പ്രശാന്ത് ചുമതല വഹിച്ചപ്പോൾ അവിടെ എന്തൊക്കെയോ ഗുരുതര വീഴ്ചകളുണ്ടായെന്നുമൊക്കെയാണ് വാർത്ത. അകത്തെ പേജിൽ, കാണാതായ ‘സുപ്രധാന’ ഫയലുകൾ ഏതൊക്കെയെന്ന് അക്കമിട്ട് പറഞ്ഞിട്ടുണ്ട്. ആ ലിസ്റ്റ് നോക്കിയപ്പോൾ എനിക്ക് എന്നെത്തന്നെ തോളിൽതട്ടി അഭിനന്ദിക്കാൻ തോന്നി. ഒരു വർഷത്തിനുള്ളിൽ നമ്മുടെ ടീം ഇത്രയേറെ കാര്യങ്ങൾ ഈ കൂട്ടായ്മയിൽ ചെയ്തല്ലൊ! ഒരു രൂപാ ചെലവാക്കിയോ, ഒരു ജീവനക്കാരനെ പോലും നിയമിക്കാതെയും, ഫയൽ കൂമ്പാരം കൂട്ടാതെയാണ് ഇതൊക്കെ ചെയ്തത്. അന്ന് ഇതൊന്നും കാണാത്തഭാവത്തിൽ നിന്നവരാണ് ഇപ്പോൾ സർക്കാരിന്റേയും ആ വകുപ്പിന്റെ നേട്ടങ്ങളുടേയും പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. സന്തോഷായി ഗോപിയേട്ടാ…

ഇനി വാർത്തയിൽ പറയുന്ന കാര്യങ്ങളുടെ യഥാർഥ വസ്തുതയെപ്പറ്റി പറയാം.

എസ്സി എസ്ടി വികസന വകുപ്പ് മന്ത്രി ചെയർമാനും സ്‌പെഷ്യൽ സെക്രട്ടറി സിഇഒയും ആയിട്ടാണ് ‘ഉന്നതി'(കേരള എമ്പവർമെന്റ് സൊസൈറ്റി) ആരംഭിക്കുന്നത്. രൂപീകരണ സമയത്ത് യഥാക്രമം ഈ സ്ഥാനങ്ങൾ വഹിച്ചിരുന്നത് ബഹുമാന്യനായ ശ്രീ. കെ. രാധാകൃഷ്ണൻ അവർകളും ഞാനുമാണ്. അന്നത്തെ ബഹുമാന്യയായ ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമ്മുവാണ് ‘ഉന്നതി’ ഉൽഘാടനം ചെയ്തത്. കഴിഞ്ഞ മാർച്ച മാസം എനിക്ക് സ്ഥാനമാറ്റമുണ്ടായപ്പോൾ അന്നത്തെ ചെയർമാനും മന്ത്രിയുമായിരുന്ന ശ്രീ. കെ. രാധാകൃഷ്ണന് ഉന്നതിയുടെ എല്ലാ രേഖകളും ഫയലുകളും ഒദ്യോഗികമായി കൈമാറിയിരുന്നു. ഇന്ന് രാവിലെ ഈ വാർത്ത കണ്ടശേഷം അദ്ദേഹത്തെ വിളിച്ച് ഞാൻ സംസാരിച്ചു. അദ്ദേഹത്തിൽനിന്ന് പ്രസ്തുത രേഖകൾ കൈപ്പറ്റിയ ഉദ്യോഗസ്ഥർ രേഖാമൂലം ഒപ്പിട്ട് നൽകിയിട്ടുണ്ടെന്നതും അദ്ദേഹം ഓർത്ത് പറഞ്ഞു. മാസങ്ങൾ മുമ്പത്തെ കാര്യമാണ്. അദ്ദേഹം അത് ഓർത്തെടുത്തത് ആശ്വാസം!

See also  'മുരളീധരനെ സുരേഷ് ഗോപി പരാജയപ്പെടുത്തും'; പത്മജ വേണുഗോപാൽ

കാലം കടന്ന് പോയി. ശ്രീ. കെ. രാധാകൃഷ്ണൻ പാർലമന്റ് അംഗമായി. ഞാൻ കൃഷിവകുപ്പിലായി. എന്റെ സഹപ്രവർത്തകൻ ശ്രീ. ഗോപാലകൃഷ്ണൻ ഐഎഎസ്, എസ് സി വികസന വകുപ്പിൽ നിന്നു മാറി ഇൻഡ്‌സ്ട്രീസ് ഡയറക്ടറായി. ഡോ. ജയതിലക് ഐഎഎസ് ഫിനാൻസ് വകുപ്പിലേക്ക് മാറിയിട്ട് മാസങ്ങളുമായി. 2024 അവസാനിക്കാറുമായി. അപ്പോഴാണ് പാർശ്വവൽകൃതരുടെ ക്ഷേമത്തിൽ തൽപരരായ മാതൃഭൂമിയുടെ ബ്രേക്കിംഗ് ന്യൂസ്: ഉന്നതിയുടെ ‘സുപ്രധാന’ രേഖകൾ കിട്ടാതെ ഡോ. ജയതിലകും ശ്രീ. ഗോപാലകൃഷ്ണനും ഇന്നും അലയുകയാണത്രേ. മാതൃഭൂമിയും വകുപ്പ് മാറിപ്പോയ സുഹൃത്തുക്കളും വിലപിടിപ്പുള്ള രേഖകൾ തപ്പുകയാണ് സുഹൃത്തുക്കളേ, തപ്പുകയാണ്!

വായനക്കാർ വിചാരിക്കും, കോടികളുടെ തട്ടിപ്പ് നടത്തിയ രേഖകൾ എന്തൊക്കെയോ ഞാൻ മുക്കിയെന്ന്. എന്നോടോ, കെ. രാധാകൃഷ്ണൻ സാറിനോടോ ഇതേപ്പറ്റി ഒരു വാക്ക് ചോദിച്ചിട്ടില്ല. അത്തരമൊരു മാന്യത പ്രതീക്ഷിക്കാൻ പാടില്ലെന്നറിയാം. ചോദിച്ചാൽ ചിലപ്പോൾ വാർത്ത ‘ശൂ’ ആയിപ്പോകുകയും തങ്ങളുടെ ഉദ്ദേശ്യലക്ഷ്യം നടക്കാതെപോകുകയും ചെയ്യുമെന്ന് ബോധ്യമുള്ളതിനാൽ ചോദിക്കില്ലെന്നതാണല്ലോ ഇപ്പോഴത്തെ ‘പാരമ്പര്യം’. മാധ്യമങ്ങളെ മാത്രം കുറ്റം പറയുന്നില്ല. സ്വയം കുസൃതികൾ ഒപ്പിച്ച ശേഷം ആ കുസൃതിക്കെതിരെ പരാതിപ്പെടുന്ന പ്രവണത ഐഎഎസുകാരിൽ കൂടി വരുന്നില്ലേ എന്ന് നാം ശങ്കിക്കേണ്ടിയിരിക്കുന്നു. ‘ഉന്നതി’ ചെയർമാനും എനിക്കും കാര്യങ്ങൾ‌ ഓർമ്മയുണ്ടെങ്കിലും മറ്റ്‌ ചിലരുടെ ഓർമ്മശക്തി ആരോ ‘ഹാക്ക്‌’ ചെയ്തതാണോ എന്നൊരു സംശയം! ‘മെറ്റ’ക്കൊരു കത്തയച്ചാലോ?

ഉന്നതി എന്താണെന്ന് മാതൃഭൂമി പറഞ്ഞില്ലെങ്കിലും അതേപ്പറ്റി രണ്ടുവാക്ക് പറയാൻ ഈ അവസരത്തിൽ നിങ്ങളെന്നെ അനുവദിക്കണം.

കംപാഷണേറ്റ് കോഴിക്കോട് മോഡലിൽ സീറോ സ്റ്റാഫിംഗ് ആൻഡ് സീറോ ബജറ്റിൽ ഒരു ജീവനക്കാരനെപ്പോലും നിയമിക്കാതെയും സർക്കാറിന്റെ ഒരു പൈസപോലും ചെലവാക്കാതെയും പേപ്പർലെസ്സായി, സന്നദ്ധപ്രവർത്തനത്തിലൂടെ മാത്രം പ്രവർത്തിക്കുന്ന മോഡലാണ് ‘ഉന്നതി’ (കേരള എമ്പവർമെന്റ് സൊസൈറ്റി). ഈ മോഡലിനെ ഐഐഎം ഉൾപ്പെടെയുള്ള മാനേജ്മെന്റ് സ്ഥാപനങ്ങളിലെ വിദഗ്ദ്ധർ പ്രശംസിച്ചിട്ടുണ്ട്. ബജറ്റിൽ ഒരു കോടി ഉണ്ടായിട്ടും ഒരു രൂപ പോലും റിലീസ് കിട്ടാതിരുന്നപ്പോൾ ഉത്ഭവിച്ച മോഡലാണ്! വിശ്വാസം വരുന്നില്ലല്ലേ? അങ്ങനെ ചിലതും ഇവിടെ നടക്കുന്നുണ്ട്. നിങ്ങൾ അറിയാത്തത് ഇവരാരും അതറിയിക്കാൻ താൽപര്യപ്പെടാത്തതിനാലാണ്. പക്ഷേ, ഒരു വർഷത്തോളം സന്നദ്ധപ്രവർത്തകരിലൂടെയും ടിഐഎസ്എസ്, ഐഐടി, ഐഐഎം എന്നിവിടങ്ങളിലെ ഇന്റേൺസിനെയും കൂട്ടി ചെയ്തുതീർത്ത കാര്യങ്ങളുടെ പട്ടിക മാതൃഭൂമിതന്നെ അബദ്ധത്തിൽ ഇന്ന് അച്ചടിച്ചു വച്ചിട്ടുണ്ട്. ഇതിന്റെയൊന്നും ഫയൽ കൈമാറിയില്ലെന്നാണ് ആരോപണമെങ്കിലും ചിലപ്പോഴൊക്കെ ഉർവ്വശീശാപം ഉപകാരമാകുമല്ലോ. ഒറ്റ രൂപയുടെ പണമിടപാട് നടക്കാത്ത സംവിധാനത്തിലെ ‘വിലപ്പെട്ട’ ഫയലുകളാണ് സുഹൃത്തുക്കളേ കാണാതായതായി പറയപ്പെടുന്നത്.

മാർച്ച് മാസത്തിൽ ഇതേ വ്യാജവാർത്താ ഫാക്ടറി എനിക്കെതിരെ ഉൽപാദിപ്പിച്ചുവിട്ട വാർത്ത ഓർക്കുന്നുണ്ടാവും. ഏതായാലും, തുടർച്ചയായി ഇങ്ങനെ വാർത്ത പടച്ചോണ്ടിരിക്കുന്നവർക്ക് ഫ്രീ ആയി കുറച്ച് ഉപദേശം തരാം:

1) വ്യാജവാർത്ത നൽകിയും വിരട്ടിയും എന്നെ നിങ്ങളുടെ ലൈനിൽ കൊണ്ടുവരാമെന്ന് ധരിക്കുന്നത് മണ്ടത്തരമാണ്; വെറുതേ എന്റെയും നിങ്ങളുടേയും സമയം മെനക്കെടുത്താമെന്നേയുള്ളു.

See also  ഐവർ മഠം മഹാശ്മശാനത്തിൽ കളിയാട്ടം ഇന്ന്

2) നിർഭയമായി ഫയൽ നോട്ടെഴുതാൻ ഒരുദ്യോഗസ്ഥന് അവകാശമുണ്ട്. മേലുദ്യോഗസ്ഥർക്കോ മറ്റാർക്കെങ്കിലുമോ വേണ്ടത് എഴുതിക്കൊടുക്കാനല്ല പോളിസി തലത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ ശമ്പളം പറ്റുന്നത്. കൈകാര്യം ചെയ്യുന്ന വിഷയം പഠിച്ച്, സ്വന്തം ബുദ്ധിയും സമയവും ചെലവാക്കി ഫയലിൽ ‘വിലപിടിപ്പുള്ള’ അഭിപ്രായം രേഖപ്പെടുത്തുന്നതിനാണ് സർക്കാർ ശമ്പളംതരുന്നത്. അത് ഇടയ്ക്കും വഴിക്കുമൊക്കെ ഓർക്കണം.

3) എന്റെ ഫയൽ നോട്ടിനെ ഭയക്കുന്നതിനു പകരം, വിഷയം കൂടുതൽ പഠിച്ച്, അത് overrule ചെയ്യാൻ ധൈര്യം കാണിക്കുക. ഒളിഞ്ഞിരുന്ന്, മഞ്ഞപ്പത്രത്തെ കൂട്ടുപിടിച്ച് വിരട്ടാൻ ശ്രമിച്ച് അവരെക്കാളും തരം താഴാതിരിക്കുക.

4) എന്റെ കയ്യിലൂടെ കടന്നുപോയ ഫയലുകളിൽ ഞാൻ കണ്ടതൊന്നും പൊതുജനമധ്യത്തിൽ ചർച്ചയ്ക്കുവയ്ക്കാതെ ഫയലിൽ മാന്യമായി അഭിപ്രായം രേഖപ്പെടുത്തുക എന്ന professionalism കാണിക്കാൻ ഇതുവരെ ശ്രദ്ധിച്ചിട്ടുണ്ട്. ഭാഗ്യവശാൽ കേരളത്തിൽ നിയമവും കോടതിയും ഇന്നും ശക്തമായതിനാൽ ആശ്വാസവുമുണ്ട്. ഈ നോട്ടുകൾ എന്നെങ്കിലും കോടതിയിൽ എത്തും എന്ന് എല്ലാവർക്കും അറിയാം. കുറിപ്പിനെ ഭയന്ന്, ഫയൽ റൂട്ടിംഗ് ലംഘിച്ച്, സെക്രട്ടേറിയറ്റ് മാനുവലിനും ബിസിനസ് റൂളിനും വിരുദ്ധമായി, എന്നെ കാണിക്കാതെ ഫയൽ അയക്കണമെന്നുള്ള വിചിത്രമായ, നിയമവിരുദ്ധ ഉത്തരവുൾപ്പെടെയുള്ള കാര്യങ്ങൾ പൊതുവേദിയിൽ ‘പിറക്കാതെ പോയ ഫയലുണ്ണികൾ’ എന്ന പേരിൽ ചർച്ചക്കെടുക്കാൻ എന്നെ നിർബന്ധിതനാക്കരുത്. ഞാൻ കൃഷിയിൽ ശ്രദ്ധിക്കട്ടെ. I would like to leave it there.

5) എന്റെ ഒരു കുറിപ്പുപോലും മറികടക്കാനാവാത്തതുകൊണ്ട് അത്രയും ഫയലുകളിലെ തെറ്റായ തീരുമാനങ്ങളെ തിരുത്താൻ സാധിച്ചു എന്ന് ഞാൻ ആശ്വസിക്കുന്നു. അത് വാർത്തയാക്കാൻ ഞാനെന്തായാലും ആരുടേയും പുറകേ നടക്കില്ല.

6) തിടമ്പിനേയും തിടമ്പേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയിൽ തിടമ്പേൽക്കാൻ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകൾ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണ്. ഇനി തിടമ്പിനും ആനയ്ക്കുമൊക്കെ പുതിയ വ്യാഖ്യാനങ്ങൾ ചമച്ച് വാർത്തയാക്കണമെന്നുണ്ടെങ്കിൽ ആയിക്കോളൂ.

കഴിഞ്ഞ ആഴ്ച, അതായത്‌ 29.10.24 ന് എസ് സി- എസ് ടി വികസന വകുപ്പിന്റെ താത്കാലിക ചുമതല വീണ്ടും ഈയുള്ളവനിലേക്കുതന്നെ വന്നത് കേവലനിയോഗം. അപകടം മണത്ത് ലീവ് ക്യാൻസൽ ചെയ്ത് ശ്രീ. പുനീത് കുമാർ തിരിച്ചെത്തിയതിനാൽ എസ് സി – എസ് ടി വികസന വകൂപ്പിന്റെ താത്കാലിക ചുമതല എന്നിൽനിന്ന് മാറുകയും ചെയ്തിട്ടുണ്ട്.

അതുകൊണ്ട് ഭയം വേണ്ട, ജാഗ്രത മതി!

മാതൃഭൂമിക്കെതിരെ ഞാൻ മുൻപ്‌ കൊടുത്ത മാനഹാനിക്കേസ് ഓർമ്മയുണ്ടല്ലോ. വനിതാ ജേർണ്ണലിസ്റ്റിനെ മുന്നിൽ നിർത്തി കളിച്ച ‘ഓ യാ’ നാടകം അങ്ങനെയങ്ങ് മറക്കാൻ പറ്റില്ലല്ലോ. ആ കേസിൽ പ്രതിയായി കൊടതി വരാന്തയിൽ കുത്തിയിരിക്കുന്ന മാതൃഭൂമി എഡിറ്ററുടേയും സംഘത്തിന്റെയും ചിത്രം അന്ന് അധികമാരും കണ്ടില്ലെങ്കിൽ ഇപ്പോൾ കണ്ടോളൂ, ഈ പോസ്റ്റിനൊപ്പമുണ്ട്. കുട്ടികൾക്കോ മാന്യന്മാർക്ക്‌ ആർക്കും തന്നെ വായിക്കാൻ കൊള്ളാത്ത നിലവാരത്തിലേക്ക്‌ ആ പഴയ പത്രസ്ഥാപനം അധഃപതിച്ചു കഴിഞ്ഞു.

See also  മോദി പ്രസംഗിച്ച വേദിയില്‍ ചാണകവെള്ളം തളിച്ചു….

ആദ്യ കമന്റിൽ ഈയിടെ വന്ന മറ്റൊരു വാർത്തകൂടി ചേർക്കുന്നു- മാനഹാനിയുണ്ടാക്കിയ വാർത്ത നൽകിയവർക്ക് തടവുശിക്ഷ. വ്യാജ വാർത്താ ഫാക്ടറിയായി പ്രവർത്തിക്കുന്ന മാതൃഭൂമിക്കാരുടെ ധൈര്യം അപാരം തന്നെ.

ഇത്രയും വായിച്ച സുഹൃത്തുക്കളോട് ഒരു ചെറിയ സന്തോഷംകൂടി പങ്ക് വെക്കട്ടെ. ”കളക്ടർ ബ്രോ: ഇനി ഞാൻ തള്ളട്ടെ” (ഡിസി ബുക്‌സ്), ‘ലൈഫ് ബോയ്” (ഡിസി ബുക്‌സ്), ‘ബ്രോസ്വാമി കഥകൾ” (ഒലിവ് പബ്ലിക്കേഷൻസ്) എന്നീ പുസ്തകങ്ങൾക്ക് ശേഷം എന്റെ നാലാമത്തെ പുസ്തകം 2025ൽ പ്രസിദ്ധീകരിക്കുന്നു. ജോലിത്തിരക്കിനിടയിലും ഒന്നര വർഷത്തോളമായി ആദ്യ നോവലിന്റെ പണിപ്പുരയിലാണ്. ‘ബ്രോസ്വാമി കഥകളിൽ’ ഒന്നിൽ നിങ്ങൾ പരിചയപ്പെട്ട സിദ്ധാർത്ഥ് തെമാഡി എന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പ്രധാന കഥാപാത്രമാണ്.

ബാക്കി കഥയിൽ. കഥയിൽ ചോദ്യമില്ല.

Related News

Related News

Leave a Comment