അടിമാലി: മൂന്നാറിലേക്കുള്ള വിനോദ യാത്രയ്ക്കിടെ കഞ്ചാവ് വലിക്കാന്‍ എക്സൈസ് നര്‍കോട്ടിക് ഓഫിസില്‍ തീപ്പെട്ടി ചോദിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ലഭിച്ചത് തൃശൂരില്‍ നിന്ന്. പ്ലസ്ടു വിദ്യാര്‍ത്ഥികളായ കുട്ടികളാണ് ലഹരി വസ്തുക്കളുമായി എക്സൈസിന്റെ പിടിയിലായത്. വിനോദ യാത്രയ്ക്ക് പുറപ്പെടും മുന്നേ തൃശൂരില്‍ നിന്നും കുട്ടികള്‍ ലഹരി വസ്തുക്കള്‍ വാങ്ങി സൂക്ഷിക്കുക ആയിരുന്നു.
പത്തംഗ സംഘമാണ് കഞ്ചാവും ഹാഷിഷും അടക്കമുള്ള ലഹരി വസ്തുക്കള്‍ കൈവശം വെച്ചത്. തൃശൂരിലെ വിദ്യാലയത്തില്‍ നിന്നുള്ള പ്ലസ്ടു വിദ്യാര്‍ഥികളാണ് മൂന്നാറില്‍ ടൂറിനെത്തിയത്. നൂറോളം പേരാണ് രണ്ട് വാഹനങ്ങളിലായി വിനോദ സഞ്ചാരത്തിനുണ്ടായിരുന്നത്. മൂന്നാറിലേക്കുള്ള യാത്രയ്ക്കിടെ അടിമാലിയില്‍ പ്രഭാത ഭക്ഷണം കഴിക്കുന്നതിനു വേണ്ടി വാഹനങ്ങള്‍ നിര്‍ത്തി. ഇതിനിടെ 10 അംഗ വിദ്യാര്‍ത്ഥി ംഘമാണ് കഞ്ചാവ്, ഹഷീഷ് എന്നിവ ഉപയോഗിക്കുന്നതിനു തീപ്പെട്ടി ചോദിച്ച് ഹോട്ടലിനു സമീപത്തുള്ള നര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് ഓഫിസില്‍ എത്തിയത്.
വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തപ്പോള്‍, തൃശൂരില്‍ നിന്ന് 3 സംഘങ്ങള്‍ കൈമാറിയാണ് കഞ്ചാവ് ലഭിച്ചതെന്നാണ് കുട്ടികള്‍ എക്സൈസ് അധികൃതരെ അറിയിച്ചത്. പിടികൂടിയ കുട്ടികളില്‍ ചിലര്‍ മുന്‍പും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായും അറിവായിട്ടുണ്ട്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളില്‍ കഞ്ചാവ് ഉള്‍പ്പെടെ ലഹരി വസ്തുക്കളുടെ ഉപഭോഗം വര്‍ധിച്ചു വരുന്നതായി എക്സൈസ് പറയുന്നു.
കാര്‍ വര്‍ക്ഷോപ്പ് ആണെന്ന് കരുതിയാണ് കുട്ടികള്‍ എക്സൈസ് ഓഫിസിലേക്ക് എത്തിയത്. ഓഫിസിന്റെ പിന്‍വശത്ത് കൂടി എത്തിയ വിദ്യാര്‍ത്ഥികള്‍ വര്‍ക് ഷോപ്പ് ആണെന്ന് തെറ്റിദ്ധരിക്കുക ആയിരുന്നു. തീപ്പെട്ടി ചോദിച്ച് അകത്ത് കടന്നതോടെയാണ് എക്സൈസ് ഓഫിസാണെന്ന് മനസ്സിലായത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുക ആയിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അടിമാലി നര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ നടത്തിയ വാഹന പരിശോധനയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ 7 എണ്ണം കൗമാരക്കാരും കോളജ് വിദ്യാര്‍ഥികളും കഞ്ചാവ് കൈവശം വച്ചതുമായി ബന്ധപ്പെട്ടാണെന്ന് എക്സൈസ് നര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സിഐ രാഗേഷ് ബി.ചിറയാത്ത് പറഞ്ഞു.