കണ്ണൂർ (Cannoor) : തലശേരിയിൽ വൃദ്ധൻ തേങ്ങ പെറുക്കാൻ പോയപ്പോൾ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു. എരഞ്ഞോളി സ്വദേശി വേലായുധനാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആൾതാമസമില്ലാത്ത വീടിനോടുചേർന്ന പുരയിടത്തിൽ പോയപ്പോഴാണ് അപകടം സംഭവിച്ചത്. പൊട്ടിത്തെറിച്ചത് സ്റ്റീൽ ബോംബാണെന്നാണ് പൊലീസ് പറയുന്നത്.
പറമ്പിൽ നിന്ന് കിട്ടിയ വസ്തു വേലായുധൻ തുറക്കാൻ ശ്രമിക്കുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഗുരുതര പരിക്കേറ്റ ഇയാളെ തലശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്താണ് സംഭവം നടന്ന വീട്.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.കണ്ണൂരിൽ ഇത് ആദ്യസംഭവമല്ല, സമാനമായ സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെ ആക്രി പെറുക്കാൻ പോയ ഇതര സംസ്ഥാന തൊഴിലാളിക്ക് സ്റ്റീൽ ബോംബ് പൊട്ടി പരിക്കേറ്റിരുന്നു. പാനൂരിൽ ബോംബ് നിർമാണം നടക്കുന്ന വീട്ടിൽ ബോംബ് പൊട്ടി ഒരാൾ മരിക്കുകയും ചെയ്തിരുന്നു.