കൊച്ചി: കോതമംഗലം കുട്ടമ്പുഴയില്‍ നിന്നും ഒടുവില്‍ ആ ആശ്വാസ വാര്‍ത്തയെത്തി. ഇന്നലെ പശുക്കളെ തിരഞ്ഞു വനത്തിനുള്ളിലേക്ക് പോയി വഴിതെറ്റി കാട്ടില്‍ കുടുങ്ങിയ മൂന്നു സ്ത്രീകളെയും കണ്ടെത്തി. വനത്തിനുള്ളില്‍ ആറ് കിലോമീറ്റര്‍ ഉള്ളിലായാണ് സ്ത്രീകളെ കണ്ടെത്തിയത്. മന്ന് പേരും സുരക്ഷിതരാണെന്ന് മലയാറ്റൂര്‍ ഡിഎഫ്ഒ അറിയിച്ചു. മായ, ഡാര്‍ലി സ്റ്റീഫന്‍ എന്നിവരെയാണ് കണ്ടെത്തിയത്. ചെക് ഡാമിന് സമീപിത്തായി പാറക്കെട്ടില്‍ നിന്നുമാണ് തിരച്ചില്‍ സംഘം ഇവരെ കണ്ടെത്തിയത്. ആരോഗ്യ പ്രശ്‌നങ്ങളൊന്നം ഇവര്‍ക്കില്ലെന്നും ഉടന്‍ വനത്തിന് പുറത്തേക്ക് ഇവരെ എത്തിക്കുമെന്നും ഡിഎഫ്ഒ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ ഉച്ചക്ക് ശേഷമാണ് ഇവര്‍ പശുക്കളെ തിരഞ്ഞ് വനത്തിനുള്ളിലേക്ക് പോയത്. ഇന്നലെ രാത്രി മുഴുവന്‍ തിരഞ്ഞെങ്കിലും ഇവരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവുമാണ് വെല്ലുവിളിയായിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് സ്്ത്രീകളെ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് മൂന്നു സ്ത്രീകളെ വനത്തില്‍ കാണാതായെന്നു സ്ഥിരീകരിച്ചത്. പശുക്കളെ കണ്ടെത്താനായി ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് ഇവര്‍ വനത്തിനുള്ളില്‍ പ്രവേശിച്ചത്. കാണാതായ മായയുമായി നാലു മണി വരെ ഭര്‍ത്താവ് ഫോണില്‍ സംസാരിച്ചിരുന്നു. ബാറ്ററി തീരും, മെബൈല്‍ ഫോണ്‍ ഓഫാകുമെന്നും മായ ഭര്‍ത്താവിനെ വിളിച്ച് അറിയിച്ചിരുന്നു. കൂട്ടത്തിലുള്ള പാറുകുട്ടിക്ക് വനമേഖലയെ കുറിച്ച് പരിചയമുണ്ടായിരുന്നു.
എന്നാല്‍ രാത്രി ആയതിനാല്‍ സ്ഥലം മാറിപ്പോകാന്‍ സാധ്യതയുണ്ടെന്നാണ് പ്രദേശവാസികള്‍ പറഞ്ഞത്. പൊലീസും അഗ്നിരക്ഷാ സേനയും, വനംവകുപ്പും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.