കുട്ടികൾക്ക് ഇനി പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളോട് വിട പറയാം; തടിയിൽ തീർത്ത ഹൈടെക് കളിപ്പാട്ടങ്ങളുമായി വനിതാ ശില്പികൾ

Written by Taniniram

Published on:

കെ.ആര്‍. അജിത

ബഹു വര്‍ണ്ണത്തിലുള്ള കാളവണ്ടി, വഞ്ചി, കറങ്ങുമ്പോള്‍ ശബ്ദം വരുന്ന പമ്പരം , കുഞ്ഞന്‍ ആന, പറക്കുന്ന പക്ഷികള്‍ എന്നു തുടങ്ങി മരത്തില്‍ തീര്‍ത്ത കളിപ്പാട്ടങ്ങളും കരകൗശല വസ്തുക്കളും. കൗതുകത്തോടെ ഓടിച്ചെന്നെടുത്ത് ഉരുട്ടി നോക്കാന്‍ തോന്നും. ഇനി പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളോട് വിട പറയാം. ചേര്‍പ്പില്‍ നിന്നും ഒരു കൂട്ടം വനിതകള്‍ മരത്തില്‍ തീര്‍ത്ത കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു. ചേര്‍പ്പ് കാര്‍പ്പന്റര്‍ സൊസൈറ്റിയില്‍ കരകൗശല കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് രണ്ട് മാസം നീണ്ടു നില്‍ക്കുന്ന കരകൗശല-കളിപ്പാട്ട നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നത്.

ചേര്‍പ്പിലെ 30 ഓളം സ്ത്രീകളാണ് രണ്ട് മാസം നീണ്ടു നില്‍ക്കുന്ന പരിശീലനത്തില്‍ പങ്കാളികളാകുന്നത്. പരിശീലനത്തിനുശേഷം കരകൗശല -കളിപ്പാട്ട നിര്‍മ്മാണം സ്വന്തമായി തുടങ്ങാനുള്ള സാങ്കേതിക സഹായം കരകൗശല ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആര്‍ട്ടിസാന്‍ കാര്‍ഡ് നല്‍കും. ഉല്പന്നങ്ങള്‍ സ്വന്തമായി നിര്‍മ്മിച്ച് കാര്‍പ്പെന്റര്‍ സൊസൈറ്റി മുഖേന വില്‍പ്പ നടത്തും. നെടുപുഴ സ്വദേശിയും ശില്‍പ്പിയുമായ സി.എം. വിജയനാണ് വനിതകള്‍ക്ക് കരകൗശല-കളിപ്പാട്ട നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നത്. പഠിതാക്കള്‍ക്ക് കരകൗശല ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സ്റ്റെഫെന്റും നല്‍കുന്നുണ്ട്. ഫര്‍ണിച്ചറുകളുടെ നാടായ ചേര്‍പ്പില്‍ നിന്നാണ് കേരളത്തില്‍ തന്നെ ആദ്യമായി ഇത്തരം ഒരു സംരംഭം കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

സ്ത്രീകള്‍ക്ക് സ്വന്തമായി വരുമാനം കണ്ടെത്തുവാനും കുട്ടികളെ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളില്‍ ന്‍ിന്ന് മാറ്റി പ്രകൃതിയോടിണങ്ങുന്ന കളിപ്പാട്ടങ്ങളുമായി സംവേദിപ്പിക്കാനും ഈ പദ്ധതികൊണ്ടു കഴിയും. മരം കൊണ്ടുള്ള ഈ കളിപ്പാട്ടങ്ങള്‍ നാശമായിക്കഴിഞ്ഞാല്‍ പ്രകൃതിയില്‍ ലയിക്കും പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ പ്രകൃതിക്ക് ദോഷമാകുന്നു. മരങ്ങള്‍ വിവിധ ആകൃതിയില്‍ കട്ട് ചെയ്യാനും തുളക്കുവാനുമെല്ലാം ഈ വനിതാകൂട്ടം അനായാസമായി ചെയ്യുന്നുവെന്ന് അദ്ധ്യാപകന്‍ വിജയന്‍ പറയുന്നു.

പുരുഷന്മാര്‍ മാത്രം മേല്‍ക്കോയ്മയുള്ള കാര്‍പ്പെന്റര്‍ ശില്പകലയില്‍ സ്ത്രീകളുടെ മുന്നേറ്റം കാലഘട്ടത്തിന്റെ കൂടി മികവായി മാറുന്നു. ഡ്രില്‍, ജിപ്‌സൊ മെഷീന്‍, സാന്റര്‍മെഷീന്‍ എന്നിവയെല്ലാം സ്ത്രീകള്‍ക്ക് പെട്ടെന്ന് വഴങ്ങുന്നു. കരകൗശല ശില്പങ്ങള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കും അക്രിലിക്കില്‍ നിറവും കൂടി നല്‍കുമ്പോള്‍ ഹൈടെക് ആയി.

See also  സി.വി ആനന്ദബോസിൻ്റെ 'സർഗ പ്രപഞ്ചവും' ജോമോൻ പുത്തൻപുരയ്ക്കലിന്റെ വിമർശനവും

Related News

Related News

Leave a Comment