മുഖ്യമന്ത്രിയുടെ മകള്‍ വീണാവിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ഇന്ന് ഹാജരാകാതിരുന്നതോടെ കമ്പനി എംഡി ശശിധരന്‍ കര്‍ത്തക്ക് ഇഡി നോട്ടീസ് അയച്ചു. അന്വേഷണത്തോട് സിഎംആര്‍എല്‍ സഹകരിക്കുന്നില്ലായെന്ന നിലപാടിലാണ് ഇഡി. ശശിധരന്‍ കര്‍ത്ത തിങ്കളാഴ്ച ഹാജരാകാനാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്.
സിഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ആദ്യം ചോദ്യം ചെയ്യാനായിരുന്നു നീക്കം. രേഖകളുമായി കൊച്ചി ഓഫിസില്‍ ഹാജരാകാനായിരുന്നു ഇഡി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇഡി നിര്‍ദ്ദേശം കമ്പനി അവഗണിക്കുകയായിരുന്നു.
വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും സോഫ്ട് വെയര്‍ സേവനത്തിന്റെ പേരില്‍ ഒരു കോടി 72 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതുകൂടാതെ ലോണ്‍ എന്ന പേരിലും അരക്കോടിയോളം രൂപ നല്‍കിയിരുന്നു. ഇത് സംബന്ധിച്ചാണ് ഇഡിയും കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നത്.