മേയർ ആര്യാരാജേന്ദ്രൻ ബസ് തടഞ്ഞ കേസിൽ കോടതി മേൽ നോട്ടത്തിൽ അന്വേഷണമില്ല; ഡ്രൈവർ യദുവിന്റെ ഹർജി തള്ളി

Written by Taniniram

Published on:

മേയര്‍ ആര്യ രാജേന്ദ്രന്‍ ബസ് കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിലെ അന്വേഷണത്തിന് കോടതി മേൽനോട്ടം ആവശ്യപ്പെട്ട് ഡ്രൈവര്‍ യദു നല്‍കിയ ഹർജി കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. എന്നാല്‍ ഒരു തരത്തിലും സ്വാധീനത്തിന് വഴങ്ങാതെയുള്ള അന്വേഷണം ഈ കേസില്‍ വേണമെന്ന് കോടതി നിര്‍ദേശിച്ചു.

പ്രതികളായ മേയര്‍ ആര്യ രാജേന്ദ്രന്‍, സച്ചിന്‍ദേവ് എംഎല്‍എ എന്നിവരില്‍ നിന്നും ഒരു സ്വാധീനവും കേസില്‍ ഉണ്ടാകരുത്. സമയബന്ധിതമായി കൃത്യമായ അന്വേഷണം നടക്കണം. മൂന്ന് മാസത്തിലൊരിക്കല്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുള്ള അന്വേഷണം കേസില്‍ വേണം. കോടതി ആവശ്യപ്പെട്ടു.

കേസ് ശരിയായ ദിശയിൽ മുന്നോട്ട് പോകണമെങ്കിൽ കോടതിയുടെ മേൽനോട്ടം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യദു ഹര്‍ജി നല്‍കിയത്. മേയർക്കെതിരെ താൻ കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണമില്ലെന്നും എന്നാൽ തനിക്കെതിരെ മേയർ കൊടുത്ത പരാതിയിൽ പൊലീസ് അതിവേഗം നടപടികൾ സ്വീകരിക്കുന്നുവെന്നുമാണ് പരാതി. ഈ സാഹചര്യത്തിലാണ് അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ പാളയത്ത് വെച്ചാണ് നടുറോഡില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സംഘവും കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റമുണ്ടായത്. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ഈ പരാതിയില്‍ യദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി ജോലി തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കാണിച്ചാണ് യദു പൊലീസില്‍ പരാതി നല്‍കിയത്. കേസെടുക്കാന്‍ പൊലീസ് തയ്യാറാകാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്. കോടതി ഇടപെടലോടെയാണ് പരാതിയില്‍ കേസ് വന്നത്.

See also  മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്ത് പോലീസ്‌

Leave a Comment