പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടൽ മുറികളിലെ കള്ളപ്പണ പരിശോധനയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടി സംസ്ഥാന വനിത കമ്മിഷൻ. മഹിള കോൺഗ്രസ് നൽകിയ പരാതിയിലാണ് നടപടി. വനിതകൾ താമസിച്ചിരുന്ന മുറികളിൽ നടത്തിയ റെയ്ഡിലാണ് കമ്മിഷൻ ധ്യക്ഷ പി.സതീദേവി റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഈ മാസം അഞ്ചിന് കെപിഎം ഹോട്ടലിൽ നടന്ന പാതിരാ പരിശോധനയിൽ ഡിജിപിക്ക് കോൺഗ്രസ് വനിതാ നേതാക്കൾ പരാതി നൽകിയിരുന്നു. വനിതാ പോലീസ് ഇല്ലാതെ മുറിയിൽ പ്രവേശിക്കാൻ ശ്രമിച്ചെന്നും നിയമങ്ങൾ പാലിക്കാതെയാണ് പോലീസ് ഇടപെട്ടതെന്നും പരാതിയിൽ ആരോപിക്കുന്നു.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയുമാണ് പോലീസ് മേധാവിക്ക് പരാതി നൽകിയത്. സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. രാത്രി പന്ത്രണ്ട് മണിക്ക് ശേഷമായിരുന്നു പോലീസിൻ്റെ അപ്രതീക്ഷിത പരിശോധന. ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവർ താമസിച്ച മുറിയിലാണ് പോലീസ് എത്തിയത്.
വനിതാ പോലീസ് ഇല്ലാത്തതിനാൽ ഷാനിമോൾ വാതിൽ തുറക്കാൻ തയാറായിരുന്നില്ല. പിന്നീട് വനിതാ പോലീസ് എത്തി ഐഡി കാർഡ് കാണിച്ച് മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് മുറിയിൽ പരിശോധന നടത്തിയത്.