നീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തം. നൂറിലേറെപ്പേര്‍ക്ക് പൊള്ളലേറ്റു. എട്ടു പേരുടെ നില ഗുരുതരമാണ്. ക്ഷേത്ര ഭാരവാഹികളായ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലും എടുത്തു. തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അപകടം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഉത്തരമലബാറില്‍ കളിയാട്ടങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന കാവുകളിലൊന്നാണ് തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രം.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. വലിയ കരുതല്‍ ഇല്ലായ്മ സംഭവത്തിലുണ്ടായി. പടക്ക ശേഖരങ്ങള്‍ സൂക്ഷിച്ചതിലെ പ്രശ്നമായിരുന്നു ഇതിന് കാരണം. ആള്‍ക്കൂട്ടത്തിന് തൊട്ടടുത്ത് പടക്ക ശേഖരം സൂക്ഷിച്ചതാണ് ദുരന്തകാരണമായി മാറിയത്. വെടിക്കെട്ടുമായി ബന്ധപ്പെട്ട പുതിയ കേന്ദ്ര ചട്ടങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമയത്താണ് ദുരന്തമുണ്ടായത്.
പരിക്കേറ്റവരെ കാസര്‍കോട് ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്കും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റ പ്രകാശന്‍, മകന്‍ അദ്വൈത്, ലതീഷ് എന്നിവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടക്ക ശേഖരത്തിന് സമീപം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ തെയ്യം കാണാന്‍ കൂടിനിന്നിരുന്നു. തീഗോളംപോലെ പടക്കശേഖരം പൊട്ടിത്തെറിക്കുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു.