- മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണം.
- ആരോപണ വിധേയരുടെ അടക്കം വിവരങ്ങള്‍ പുറത്തു വരരുത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കോടതിയില്‍ സര്‍ക്കാരിനെതിരെ ചോദ്യശരങ്ങളുമായി ഡിവിഷന്‍ ബഞ്ച്. സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. നടപടി വൈകുന്നത് ഞെട്ടിച്ചുവെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുടെ പ്രത്യേക ഡിവിഷന്‍ ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിച്ചത്. റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം അന്വേഷണ കമ്മീഷന് കൈമാറാന്‍ ആവശ്യപ്പെട്ടു. ഓഡിയോ ക്ലിപ്പ് അടക്കം കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു.
സര്‍ക്കാര്‍ എന്തുചെയ്തുവെന്ന് ചോദിച്ചപ്പോള്‍, പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്‍കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടിയെടുത്തോയെന്ന് കോടതി ചോദിച്ചു. ഇതിന് ശേഷമാണ് അന്വേഷണ സംഘത്തിന് കൈമാറാന്‍ നിര്‍ദ്ദേശിച്ചത്. ഇതോടെ ഹേമാ കമ്മറ്റിക്ക് മുമ്പിലെത്തിയ എല്ലാ പരാതിയിലും കേസെടുക്കേണ്ട സാഹചര്യം വരും. എല്ലാ മൊഴികളും അന്വേഷണ പരിധിയിലേക്ക് വരും. ഓഡിയോ ക്ലിപ്പുകള്‍ പീഡനത്തില്‍ തെളിവാകും.
റിപ്പോര്‍ട്ടില്‍ തീരുമാനം എടുക്കുന്നില്ല. കോടതിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ട് അന്വേഷണ സമിതിയ്ക്ക് കൈമാറുക. അവരുടെ നീക്കം എന്താണെന്ന് മനസ്സിലാക്കിയെന്ന് അറിഞ്ഞ ശേഷം ഇടപെടാമെന്നാണ് കോടതി നിലപാട്. ഇതോടെ മറച്ചു വച്ച എല്ലാ വിവരങ്ങളും സമിതിയ്ക്ക് വരും. മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണം. ആരോപണ വിധേയരുടെ അടക്കം വിവരങ്ങള്‍ പുറത്തു വരരുത്. അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ പുറത്തു വിടരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.