ഉപ്പയുടെ ഖബറടക്കം കഴിഞ്ഞു മടങ്ങിയ മകന് ദാരുണാന്ത്യം….

Written by Web Desk1

Published on:

റിയാദ് (Riyadh) : ഇക്കഴിഞ്ഞ ഹജ്ജ് കര്‍മത്തിനിടെ കാണാതാവുകയും ശേഷം മരിച്ചെന്ന് കണ്ടെത്തുകയും ചെയ്ത മലപ്പുറം വാഴയൂര്‍ തിരുത്തിയാട് സ്വദേശി മണ്ണില്‍കടവത്ത് മുഹമ്മദ് (74) മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ ഉടന്‍ മകനും വാഹനാപകടത്തില്‍ മരിച്ചു.

ഉപ്പയുടെ ഖബറടക്കത്തിനായി കുവൈത്തില്‍നിന്നും മക്കയിലെത്തിയ മകന്‍ റിയാസ് ആണ് മരിച്ചത്. ഖബറടക്കം കഴിഞ്ഞ് റിയാസും കുടുംബവും കുവൈത്തിലേക്ക് മടങ്ങുന്നതിനിടെ ത്വാഇഫില്‍നിന്നും 100 കിലോമീറ്ററകലെ റിദ്വാന്‍ എന്ന സ്ഥലത്ത് വെച്ച് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെടുകയായിരുന്നു.

കൂടെയുണ്ടായിരുന്ന ഭാര്യക്കും മൂന്ന് കുട്ടികള്‍ക്കും അപകടത്തില്‍ നിസാര പരിക്കേറ്റു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തിയതായിരുന്നു മണ്ണില്‍കടവത്ത് മുഹമ്മദ്. കര്‍മങ്ങള്‍ക്കിടെ ജൂണ്‍ 15 (ബലിപെരുന്നാള്‍ ദിവസം) മുതലാണ് മിനയില്‍ കാണാതായത്. തുടര്‍ന്ന് ആഴ്ചകളോളം മിനയിലെ ആശുപത്രികളിലും മറ്റ് സ്ഥലങ്ങളിലും സാമൂഹികപ്രവര്‍ത്തകരും ബന്ധുക്കളും വ്യാപകമായി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഇന്ത്യന്‍ എംബസി മരണം സ്ഥിരീകരിക്കുകയായിരുന്നു. നാട്ടിലെ ബന്ധുക്കളെ എംബസി വിവരം അറിയിക്കുകയും ചെയ്തു.

ഈ വിവരമറിഞ്ഞ് കുവൈത്തില്‍നിന്നും മക്കളായ റിയാസ്, സല്‍മാന്‍ എന്നിവര്‍ കുടുംബസമേതം മക്കയിലെത്തിയതായിരുന്നു. ബുധനാഴ്ച ഉപ്പയുടെ മൃതദേഹം മക്കയില്‍ ഖബറടക്കിയതിന് ശേഷം റിയാസും കുടുംബവും കാറില്‍ കുവൈത്തിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തില്‍ പെട്ടത്. സല്‍മാനും കുടുംബവും വെള്ളിയാഴ്ച വിമാനമാര്‍ഗമാണ് കുവൈത്തിലേക്ക് മടങ്ങാന്‍ നിശ്ചയിച്ചിരുന്നത്.

See also  മുഹമ്മദ് സമീറിനെ തേടിയെത്തിയത് വമ്പൻ സൗഭാഗ്യം

Leave a Comment