ബിഗ് ബോസ് മലയാളം സീസൺ 7 അവസാന ആഴ്ചയിലേക്ക് കടക്കാനിരിക്കുകയാണ്. നിലവിൽ എട്ട് മത്സരാർത്ഥികൾ ഉള്ള ഷോയിൽ നിന്നും പുറത്തുപോവുന്ന മൂന്ന് മത്സരാർത്ഥികൾ ആരൊക്കെയാവും എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഗ്രാൻഡ് ഫിനാലെയിലേക്ക് ടിക്കറ്റ് ടു ഫിനാലെ ടാസ്കുകൾ വിജയിച്ചത് വഴി നൂറയാണ് നേരിട്ട് എൻട്രി നേടിയിരിക്കുന്നത്. ഈ ആഴ്ച ബിഗ് ബാങ്ക് വീക്ക് ആണ്. ടാസ്കുകൾ ജയിക്കുന്നതിലൂടെ ലഭിക്കുന്ന പണം സ്വന്തമാക്കാനുള്ള ആഴ്ച കൂടിയാണിത്.
എന്നാൽ വീട്ടിൽ അപ്രതീക്ഷിതമായ ചില കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഷോയുടെ തുടക്കം മുതലേ പ്രേക്ഷകർ ഏറെ ചർച്ച ചെയ്യപ്പെട്ട കൂട്ടുകെട്ടായിരുന്നു അനീഷ്- അനുമോൾ എന്നിവരുടേത്. ആദ്യ ദിനങ്ങളിൽ വലിയ സൗഹൃദം ഒന്നും തന്നെ ഇല്ലായിരുന്നുവെങ്കിലും പിന്നീട് പലപ്പോഴും അനുമോൾക്ക് വേണ്ടി സംസാരിക്കാൻ അനീഷ് രംഗത്തുവന്നിട്ടുണ്ട്. എന്നാലും വിയോജിപ്പുകൾ അനീഷ് തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ ഗ്രാൻഡ് ഫിനാലെയിലേക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ അനുമോളോട് വിവാഹാഭ്യർത്ഥന നടത്തിയിരിക്കുകയാണ് അനീഷ്.
എന്നെ പറ്റി എന്താണ് അനുമോളുടെ അഭിപ്രായം എന്നാണ് അനീഷ് ആദ്യം ചോദിക്കുന്നത്. ഇതിന് മറുപടിയായി, ‘ആദ്യം വന്ന സമയത്ത് എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല, പിന്നെ ഇപ്പൊ ആർക്കും ഇഷ്ടപ്പെടുന്ന ഒരാളാണ്.’ എന്നാണ് അനുമോൾ പറയുന്നത്. ‘അങ്ങനെയാണെങ്കിൽ നമുക്ക് വിവാഹം കഴിച്ചാലോ’ എന്ന അനീഷും ചോദിക്കുന്നുണ്ട്. ചിരിച്ചുകൊണ്ട് ‘അമ്മേ’ എന്നൊരു ഞെട്ടൽ മാത്രമാണ് അനുമോളുടെ ആദ്യ പ്രതികരണം. ഇരുവരുടെയും സംഭാഷണത്തിന്റെ പ്രോമോ വീഡിയോയാണ് ബിഗ് ബോസ് പുറത്തുവിട്ടിരിക്കുന്നത്.


