തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിനോട് ചേർന്ന് ഒരു ചെറിയ ഇഡ്ഡലിക്കടയുണ്ട്. തട്ടുകട ആരംഭിച്ചിട്ട് അധികം നാളായിട്ടില്ലെങ്കിലും ആൾ ഇന്നൊരു സെലിബ്രിറ്റിയാണ്. കാരണം ഈ കടയുടെ ഉടമ ടെലിവിഷൻ അവതാരകനും നടനുമായ വെങ്കിയെന്ന വെങ്കിടേഷാണ്. വെങ്കിയും നാല് കൂട്ടുകാരും ചേർന്ന് ഒരു മാസം മുമ്പാണ് ‘സുഡ സുഡ ഇഡ്ഡലി’ എന്ന പേരിൽ തട്ടുകട ആരംഭിച്ചത്.
കട ആരംഭിച്ചിട്ട് 36 ദിവസമായെന്ന് വെങ്കി പറഞ്ഞു. ഒരു ആഗ്രഹത്തിന് പുറത്ത് ഒരുപാട് പ്ലാനിംഗ് ഇല്ലാതെയാണ് കട തുടങ്ങിയത്. ആകെ ഒരു മാസമാണ് ഇതിനായി എടുത്ത സമയം. ഫുഡ് കൊള്ളമെങ്കെിൽ ആളുകൾ തേടി വരും. രാത്രി ഏഴ് തൊട്ട് പത്തര വരെയാണ് കടയുടെ പ്രവർത്തനം. ആ സമയം ആകുമ്പോഴേക്കും മുഴുവൻ വിഭവങ്ങളും തീരുമെന്നും വെങ്കി ആത്മവിശ്വാസത്തോടെ സ്വകാര്യ യൂട്യൂബ് ചാനലിനോട് പറഞ്ഞു.
പല ആകൃതിയിലും വലിപ്പത്തിലുമുള്ള ആറിലധികം ഇഡ്ഡലികളാണ് ഇവിടെ ഭക്ഷണ പ്രേമികളെ കാത്തിരിക്കുന്നത്. അതും വ്യത്യസ്ത രുചികളിൽ. സോയ ബീൻ ഫില്ലിംഗ് ഇഡ്ഡലിയാണ് കടയിലെ താരം. പൊടി ഇഡ്ഡലി മുതൽ ദം ഇഡ്ഡലി വരെ വെങ്കിയും കൂട്ടുകാരും ഇവിടെ ഒരുക്കുന്നുണ്ട്. അയ്യപ്പൻമാരുടെ സീസൺ കഴിഞ്ഞാൽ ചിരട്ട ഇഡ്ഡലി അതരിപ്പിക്കാനുള്ള ആലോചനയുമുണ്ട്. ജോലിക്കാരെ വെക്കാതെ അഞ്ചംഗ സംഘമാണ് കുക്കിംഗ് മുതൽ ക്ലീനിംഗ് വരെ നിർവഹിക്കുന്നത്. പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന സുനിൽ വാക്സ് മ്യൂസിയത്തിന് എതിർ വശത്തായാണ് കട സ്ഥിതി ചെയ്യുന്നത്.
വിജയ് ദേവരകൊണ്ട നായകനാകുന്ന തെലുങ്ക് പടം ചെയ്ത് കൊണ്ടിരിക്കുകയാണ് വെങ്കി. ജനുവരി അവസാനത്തോടെ വീണ്ടും ഷെഡ്യൂളുണ്ടെന്ന് വെങ്കി പറഞ്ഞു. ഷൂട്ടിംഗിന് പോകുമ്പോൾ ബാക്കിയുള്ള കൂട്ടുകാർ കട നോക്കും. ഇതിനോടകം തന്നെ ഒട്ടനവധി മലയാള സിനിമയിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ വെങ്കി അവതരിപ്പിച്ച് കഴിഞ്ഞു. വെങ്കിടേഷ് ചെയ്തതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട രണ്ട് ചിത്രങ്ങൾ ദി പ്രീസ്റ്റും സ്റ്റാന്റ് അപ്പുമാണ്. രജിഷ് വിജയന്റെ നായക വേഷമായിരുന്നു സ്റ്റാന്റപ്പിൽ വെങ്കിക്ക്.