കോൺഗ്രസ് നേതാക്കളുടെ മുറിയിലെ റെയ്ഡിൽ ഒന്നും കണ്ടെത്താനാകാതെ പൊലീസ്; പരിശോധനയ്ക്കിടെ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം , പാലക്കാട് നാടകീയ രംഗങ്ങൾ

Written by Taniniram

Published on:

വാശിയേറിയ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പൊലീസ് പരിശോധന നടത്തിയ സംഭവം സംഘര്‍ഷാവസ്ഥയിലെത്തുകയായിരുന്നു. എന്നാല്‍ 12 മുറികളില്‍ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് എഎസ്പി അശ്വനി ജി.ജി അറിയിച്ചു. എല്ലാ ആഴ്ചയും ഇലക്ഷന്റെ ഭാഗമായി നടക്കുന്ന പരിശോധന ആണിത്. ഈ ഹോട്ടല്‍ മാത്രല്ല പല ഹോട്ടലിലും കഴിഞ്ഞ ആഴ്ചകളിലടക്കം പരിശോധന നടത്തിയിട്ടുണ്ടെന്നും എസിപി പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇവരുടെ മുറികളില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തിയത്. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനത്തില്‍ പണം എത്തിയെന്നും ആരോപണമുണ്ട്. ഇന്നലെ രാത്രിയോടെയാണ് പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

മുറികള്‍ ബലം പ്രയോഗിച്ച് തുറന്നാണ് തെരച്ചില്‍ നടത്തിയതെന്ന് കോണ്‍ഗ്രസ് വനിതാ നേതാക്കളായ ഷാനിമോള്‍ ഉസ്മാനും ബിന്ദുകൃഷ്ണയും പ്രതികരിച്ചു. വനിതാ പൊലീസ് ഇല്ലാതെ പരിശോധിക്കാനാവില്ലെന്ന് വനിതാ നേതാക്കള്‍ അറിയിച്ചെങ്കിലും, അത് വക വയ്ക്കാതെ പൊലീസുകാര്‍ മുറിയിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. എന്നാല്‍ പൊലീസ് പരിശോധനയ്ക്ക് തടസം നിന്നിട്ടില്ലെന്നും, പക്ഷേ റെയ്ഡില്‍ ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതി കൊടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു.

പരിശോധനയ്ക്കിടെ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. കൂടാതെ ഹോട്ടലിന് പുറത്ത് ബിജെപി-സിപിഎം പ്രവര്‍ത്തകരും കൂടി തടിച്ചു കൂടിയതോടെ ഹോട്ടല്‍ പരിസരം സംഘര്‍ഷഭൂമിയായി. അര്‍ധരാത്രിയിലെ മിന്നല്‍ പരിശോധനയ്ക്ക് പിന്നില്‍ സിപിഎം ബിജെപി ഒത്തുകളിയെന്ന് ഷാഫി പറമ്പില്‍ എംപി ആരോപിച്ചു. പൊലീസിന്റെ സഹായത്തോടെ സിപിഎം നടത്തുന്ന നാടകമാണ് ഹോട്ടലിലെ റെയ്‌ഡെന്ന് വി.കെ. ശ്രീകണ്ഠന്‍ എംപിയും വ്യക്തമാക്കി.

എന്നാല്‍ പൊലീസിനെ തടഞ്ഞ് സംഘര്‍ഷമുണ്ടാക്കിയത് കള്ളപ്പണം ഒളിപ്പിക്കാനെന്നാണ് എ.എ. റഹിം എംപി പറഞ്ഞത്. പൊലീസെത്തിയപ്പോള്‍ ഷാനിമോള്‍ ഉസ്മാന്റെ മുറി തുറക്കാതെ സംഘര്‍ഷം ഉണ്ടാക്കിയത് കള്ളപ്പണം ഒളിപ്പിക്കാനെന്ന് റഹീം കൂട്ടിച്ചേര്‍ത്തു.

See also  ഓട്ടോ ഡ്രൈവറെ കുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

Related News

Related News

Leave a Comment