പരമശിവന് കൂവളത്തിലയോ കൂവളമാലയോ സമർപ്പിച്ച് പ്രാർത്ഥിച്ചാൽ മൂന്നു ജന്മങ്ങളിലെയും പാപങ്ങൾ ശമിക്കുകയും അതുവഴി ഐശ്വര്യ സമൃദ്ധിയും മോക്ഷവും ലഭിക്കുമെന്ന് ശിവപുരാണത്തിൽ പറയുന്നു. മൂന്നിതളുകൾ ചേർന്ന കൂവളത്തില മഹാദേവന്റെ ത്രിനേത്രങ്ങളാണ് എന്ന് സങ്കല്പം. ഒപ്പം ഈ 3 കണ്ണുകളെ ശ്രീപാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ എന്നിവരുമായും കരുതുന്നു.
പഞ്ചഭൂതങ്ങളുടെ, ഭൂമി ജലം അഗ്നി വായു ആകാശം എന്നിവയുടെ, അധിപനാണ് മഹാദേവൻ. അതിനാൽ ‘നമ:ശിവായ’ എന്ന പഞ്ചാക്ഷര മന്ത്രം ജപിക്കുന്നവരുടെ സർവ്വപാപങ്ങളും ശമിക്കും. ഗീത, ഗോവിന്ദൻ, ഗായത്രി ഇവരുടെ ഒപ്പമാണ് ശിവപ്രിയങ്കരിയായ ഗംഗയുടെ സ്ഥാനം. ഈ നാല് ഗ കാരങ്ങൾ എപ്പോഴും മനസിൽ ഉള്ളവർക്ക് ശിവഭഗവാനിൽ ലയിക്കാം.
ഇവയിൽ ഏറ്റവും പ്രധാനം ഗായത്രിയാണ്. ശിവഗായത്രി പതിവായി ജപിക്കുന്നവരുടെ ഗൃഹത്തിൽ സമാധാനം, സമ്പത്ത്, ഐശ്വര്യം എന്നിവ ഉണ്ടാകും. ശിവ ഗായത്രിക്കൊപ്പം ഗണേശഗായത്രി, ഗൗരീ ഗായത്രി എന്നിവ ജപിക്കുന്നത് നല്ലതാണ്. തടസങ്ങൾ അകലുന്നതിനാണ് നിത്യവും ഗണേശ ഗായത്രി ജപിക്കുന്നത്. ഗൗരി ഗായത്രി ജപത്തിലൂടെ സകല കാമനകളും സാധിതമാകും.
ശിവഗായത്രി
ഓം പഞ്ചവക്ത്രായ വിദ്മഹേ
മഹാദേവായ ധീമഹി
തന്നോ രുദ്ര:പ്രചോദയാത്
ഗൗരീ ഗായത്രി
ഓം സുഭഗായൈ വിദ്മഹേ
ഹൈമവത്യേ ധീമഹി
തന്നോ ഗൗരി പ്രചോദയാത്
ഗണേശ ഗായത്രി
ഓം ഏകദന്തായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി:
തന്വോ ബുദ്ധി പ്രചോദയാത്