തൃശൂര്‍ ലൂര്‍ദ് മാതാവിന്റെ പള്ളിയിലെത്തി മാതാവിന് സ്വര്‍ണ കൊന്ത സമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപി. മാതാവിന് മുന്നില്‍ ഭക്ത്യാദരം കൈകൂപ്പിയശേഷം. മാതാവിന് സ്വര്‍ണക്കൊന്തയും പൂമാലയും സമര്‍പ്പിച്ചു. പിന്നീട് പളളിയിലെ ആരാധന കേന്ദ്രത്തിലേക്ക് പോയ അദ്ദേഹം മാതാവിന് മുന്നില്‍ ‘നന്ദിയാല്‍ പാടുന്നു ദൈവമേ’ എന്ന ഗാനവും ആലപിച്ചു. അല്‍പസമയം പള്ളിയില്‍ ചെലവഴിച്ചശേഷം അദ്ദേഹം മടങ്ങി. നന്ദി എന്ന് പറയുന്നത് ഹൃദയത്തിലാണുള്ളതെന്നും അത് ഉല്‍പന്നങ്ങളില്‍ അല്ലെന്നുമാണ് സ്വര്‍ണ കൊന്ത സമര്‍പ്പിച്ചശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഭക്തിപരമായ നിര്‍വഹണത്തിന്റെ മുദ്രയാണ് സ്വര്‍ണ കൊന്തയെന്നും ചടങ്ങുകള്‍ എല്ലാം വ്യക്തിപരമെന്നും സുരേഷ് ഗോപി ഓര്‍മിപ്പിച്ചു.
നേരത്തെ മകളുടെ വിവാഹത്തിന് മുന്‍പ് മാതാവിന് കിരീടം സമര്‍പ്പിച്ചത് ഏറെ വിവാദം ആയിരുന്നു. മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് സുരേഷ് ഗോപി ലൂര്‍ദ് മാതാ പള്ളിയിലെത്തിയത്. തൃശൂരിലെ ‘മുരളീ മന്ദിര’ത്തില്‍ എത്തിയാണ് പുഷ്പാര്‍ച്ചന നടത്തിയത്. കരുണാകരന്റെ മകളും ബിജെപി നേതാവുമായ പത്മജ വേണുഗോപാല്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.