ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ്‌ബോസിന്റെ ഹിന്ദി ഒടിടി പതിപ്പ് വീണ്ടുമെത്തുന്നു. ജിയോ സിനിമയില്‍ ബിഗ് ബോസ് ഒടിടി 3 യ്ക്കായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ അവതാരകനായി ഇത്തവണ സല്‍മാന്‍ ഖാന്‍ എത്തില്ല. പുതിയ അവതാരകനെ പരിചയപ്പെടുത്തി ബിഗ്‌ബോസ് ഒടിടി 3യുടെ പുതിയ പ്രമോ എത്തി. പ്രമോയില്‍ അവതാരകന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ശബ്ദത്തില്‍ നിന്ന്, ബിഗ് ബോസ് OTT 3 ഹോസ്റ്റുചെയ്യാന്‍ പോകുന്ന വ്യക്തി ആരാണെന്ന് ആരാധകര്‍ക്ക് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. ബോളിവുഡ് താരം അനില്‍ കപൂറാണ് ഷോ ഹോസ്റ്റ് ചെയ്യുന്നത്. ആദ്യമായാണ് അനില്‍ കപൂര്‍ ബിഗ്‌ബോസ് ഷോ ഹോസ്റ്റ് ചെയ്യുന്ന്. ബിഗ് ബോസ് OTT 3 ജൂണ്‍ മാസത്തില്‍ ജിയോ സിനിമയില്‍ സ്ട്രീം ചെയ്യും. സംപ്രേക്ഷണം എന്ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.
നിര്‍മ്മാതാക്കള്‍ പ്രൊമോ പുറത്തിറക്കിയതിന് പിന്നാലെ വീഡിയോയ്ക്ക് വീഡിയോക്ക് സമ്മിശ്ര പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. ബിഗ് ബോസിന്റെ ഏറ്റവും മികച്ച അവതാരകന്‍ സല്‍മാന്‍ ഖാനാണെന്നാണ് ചിലരുടെ അഭിപ്രായം.സല്‍മാന്‍ ഖാന്‍ ഇല്ലെങ്കില്‍, ഷോയില്‍ താല്‍പ്പര്യമില്ലെന്നും ചിലര്‍ കമന്റിട്ടു. മലയാളത്തില്‍ സൂപ്പര്‍ താരം മോഹന്‍ലാലാണ് ബിഗ്‌ബോസ് അവതാരകനായെത്തുന്നത്. ബിഗ്‌ബോസ് മലയാളം സീസണ്‍ 6 ഫൈനലിലേക്ക് അടുക്കുകയാണ്.