Tuesday, October 21, 2025

മക്കോട്ടദേവ അഥവാ സ്വർഗത്തിലെ പഴം…

Must read

ഇന്തോനേഷ്യയാണ് ജന്മദേശമെങ്കിലും മക്കോട്ട ദേവ പഴവർഗ (MahaKota Dewa fruit)ത്തിന് കേരളത്തിലും പ്രചാരമേറുകയാണ്‌. പലേറിയ മാക്രോകാർപ്പകയെന്നാണ് ചെടിയുടെ ശാസ്ത്രനാമം. ‘സ്വർഗത്തിലെ പഴം’ എന്നും അറിയപ്പെടുന്നു. ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ വലിയതോതിൽ കൃഷി ചെയ്തുവരുന്നു. കേരളത്തിലെ കാലാവസ്ഥയിൽ കൃഷി ചെയ്യാൻ കഴിയും. തെങ്ങുംതോട്ടങ്ങളിലും റബർ തോട്ടങ്ങളിലും ഇടവിളയായി നന്നായി വളരും. തവാരണകളിൽ പാകി മൂളപ്പിച്ച തൈകളാണ് നടീലിന് ഉപയോഗിക്കുന്നത്.

പഴത്തിനകത്തുള്ള വിത്ത് പാകി കിളിർപ്പിക്കാം. മേൽമണ്ണ്, ചാണകപ്പൊടി, മണൽ ഇവ സമം ചേർത്തുണ്ടാക്കിയ മിശ്രിതത്തിൽ വെള്ളത്തിൽ കുതിർത്ത വിത്ത് പാകണം. 10 ദിവസംകൊണ്ട് വിത്ത് മുളയ്‌ക്കും. മുളച്ച് ഒന്നരമാസമാകുമ്പോൾ പ്രധാന കൃഷിയിടത്തിലേക്ക് മാറ്റിനടാം. നല്ല നീർവാർച്ചയുള്ളതും ജൈവാംശമേറിയതുമായ സ്ഥലമാകണം. രണ്ടര മീറ്റർ അകലത്തിൽ, ഒന്നര അടി ആഴം, വീതി, ക്രമത്തിൽ കുഴികളെടുത്ത് ജൈവവളം ചേർത്ത് കുഴി മൂടിയശേഷം തൈകൾ നടാം. തണൽ കൊടുക്കണം. വേനലിൽ നനച്ചു കൊടുക്കണം. രണ്ട്, മൂന്ന് വർഷത്തിനകം കായ്ച്ചു തുടങ്ങും. നാലു മാസംകൊണ്ട് വിളവെടുക്കാം. മാർച്ച് മുതൽ ആഗസ്റ്റ് വരെയാണ് പൂവിടൽ കാലം. ആഗസ്റ്റ് മുതൽ ഡിസംബർ വരെയാണ് വിളവെടുപ്പ് കാലം.

കായകൾ ആദ്യം പച്ച നിറത്തിലും പഴുക്കുമ്പോൾ ചുവപ്പ് നിറത്തിലുമായിരിക്കും. മാംസളമായ അകകാമ്പിനകത്ത് തവിട്ടുനിറത്തിലൂള്ള വിത്തുകൾ കാണാം. ഒരു ചെടിയിൽനിന്ന്‌ 200 പഴങ്ങൾവരെ ലഭിക്കാം. പഴം പച്ചയ്‌ക്ക് കഴിക്കരുത്‌. ചീളുകളായി അരിഞ്ഞുണക്കി ഒരു ചെറു ചീളിന് ഒരു ഗ്ലാസ് വെള്ളം കണക്കിന് ചേർത്ത് തിളപ്പിച്ചാറിയ ശേഷം വൈകുന്നേരങ്ങളിൽ കുടിക്കാം. പഴസത്ത് തയ്യാറാക്കി കഴിക്കുകയുമാകാം. സത്ത് ഒരു ആന്റി ഓക്സിഡന്റായും ആന്റിഫംഗലായും ആന്റിബാക്ടീരിയലായും വർത്തിക്കുമത്രേ.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article