കൊച്ചി (Kochi) : നടി ബീന ആന്റണി നടന്‍ സിദ്ദിഖിനെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഇപ്പോഴിതാ ആ വീഡിയോ ട്രോളായി വന്നത് തന്നെ വല്ലാതെ സങ്കടപ്പെടുത്തിയെന്ന് പറയുകയാണ് ബീന ആന്റണി. തന്നെ ഏറെ വിഷമിച്ചു ഈ സംഭവം എന്നാണ് നടി സോഷ്യല്‍ മീഡിയ വീഡിയോയിലൂടെ അറിയിച്ചത്.
സിദ്ദിഖിന്‍റെ രാജിക്ക് പിന്നാലെ ബീന ആന്‍റണി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നു എന്ന രീതിയിലാണ് വീഡിയോ പ്രചരിച്ചത്. എന്നാല്‍ ആ വീഡിയോ അത്തരത്തില്‍ പ്രചരിപ്പിക്കുന്നതും ട്രോള്‍ ചെയ്യുന്നതും വേദനിപ്പിക്കുന്ന കാര്യമാണ് എന്നാണ് ബീന പറയുന്നത്.
വീഡോയോയുടെ തുടക്കത്തില്‍ പ്രസ്തുത വീഡിയോ ബീന ആന്‍റണി കാണിക്കുന്നുണ്ട്. സിനിമ രംഗത്തെ ഇപ്പോഴത്തെ സംഭവങ്ങളില്‍ തനിക്ക് ആശങ്കയും ഞെട്ടലും ഉണ്ടെന്ന് പറഞ്ഞാണ് ബീന ആന്‍റണി വീഡിയോ തുടങ്ങുന്നത്. മറ്റൊരു കാര്യം പറയാനാണ് വന്നത് എന്നും ബീന പറയുന്നു.
ഈ വീഡിയോയെ കുറിച്ച് കുറേപ്പേർക്ക് അറിയാത്ത കാര്യം പറയാനാണ് വീഡിയോ. ഭര്‍ത്താവിന്‍റെയും തന്‍റെയും കുടുംബ ഗ്രൂപ്പുകളില്‍ അടക്കം വളരെ അധികം ചർച്ച ചെയ്യപ്പെട്ട വീഡിയോയാണിത്. ട്രോളായും ഇത് പ്രചരിക്കുന്നു. എന്റെ സഹോദരിമാരുടെ ഓഫീസിൽ അടക്കം ഈ വീഡിയോ ചർച്ചയായി. അതിനൊരു വ്യക്ത വരുത്തനാണ് വീഡിയോ എന്ന് ബീന തുടക്കത്തില്‍ പറയുന്നു.
സിദ്ദിഖിന്‍റെ മകൻ സാപ്പി മരിച്ച സമയത്ത് പനിയായി കിടപ്പിലായതിനാല്‍ പോകാന്‍ സാധിച്ചില്ല. പിന്നീട് സിദ്ദിഖിനെ കണ്ടത് ജനറൽ ബോഡി സമയത്താണ്. അന്ന് പുള്ളിയെ ആശ്വസിപ്പിച്ച വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എനിക്ക് സാപ്പിയെ കുഞ്ഞായിരിക്കുമ്പോൾ മുതൽ അറിയുന്നതാണ്. അവസാനം അവനെ സഹോദരനൊപ്പം കണ്ടപ്പോള്‍ ടാറ്റയൊക്കെ തന്നതാണ്.
പിന്നീട് അവന്‍റെ മരണ വിവരം വേദനപ്പിച്ചു. മരണം അവനവന്റെ ജീവിതത്തിൽ സംഭവിക്കുമ്പോഴെ വിഷമം അറിയാൻ പറ്റു. അല്ലാതെ പുറത്ത് നിന്ന് നോക്കുമ്പോൾ ഭയങ്കര തമാശയായി തോന്നാം. എന്റെ അപ്പച്ചൻ മരിച്ചപ്പോഴും എന്റെ സഹോദരിയുടെ മകൻ മരിച്ചപ്പോഴുമെല്ലാം സിദ്ദിഖ് വിളിച്ച് സമാധാനിപ്പിച്ചിട്ടുണ്ട്. അതൊക്കെ ഒരു സഹോദരി, കുടുംബത്തിലെ അംഗം എന്നൊക്കെയുള്ള നിലയിൽ എന്നെ അദ്ദേഹം കാണുന്നത് കൊണ്ടാണ്.
ഇക്കയുടെ പേരിൽ ഇപ്പോൾ ഒരു ആരോപണം വന്നു. ഇക്ക അത് ചെയ്തിട്ടുണ്ടെങ്കിൽ നിയമത്തിന്‍റെ ശിക്ഷ അദ്ദേഹത്തിന് കിട്ടട്ടെ. പക്ഷെ പുള്ളിയുടെ വേദനയിൽ പങ്കുചേർന്ന് സ്വാന്തനിപ്പിച്ചതാണ് നിങ്ങൾ ആ വീഡിയോയിൽ കണ്ടത്. പലരും ആ വീഡിയോ തമാശയാക്കി എടുത്തു. വിരമിക്കുന്ന സിദ്ദിഖിന് നടിമാർ കൊടുക്കുന്ന യാത്രയയപ്പ് എന്നൊക്കെ ക്യാപ്ഷനിട്ട് കണ്ടു. അത് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നിയെന്നും വീഡിയോയില്‍ ബീന ആന്‍റണി പറയുന്നു.