ന്യൂഡല്‍ഹി (New Delhi) : രാജ്യത്ത് വരാനിരിക്കുന്നത് കനത്ത ചൂടെ (Very hot) ന്ന് കാലാവസ്ഥാ വകുപ്പിന്റെ (Meteorological Department) മുന്നറിയിപ്പ്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ സാധാരണ അനുഭവപ്പെടുന്നതില്‍ കൂടുതല്‍ ചൂടും ഉഷ്ണതരംഗങ്ങളും ഉണ്ടാകുമെന്നാണ് അറിയിപ്പ്. മധ്യ, പടിഞ്ഞാറന്‍ മേഖലകളെയാകും ചൂട് ഏറ്റവും അധികം ബാധിക്കുക.
രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയില്‍ കൂടുതലായി ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് (IMD) ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹപത്ര അറിയിച്ചു. പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വടക്കന്‍ ഒഡിഷയിലും ഉള്‍പ്പടെ സാധാരണയിലും ഉയര്‍ന്ന ചൂട് അനുഭവപ്പെടും.
ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ഉഷ്ണതരംഗത്തിനും സാധ്യതയുണ്ട്. 20 ദിവസം വരെ ഉഷ്ണതരംഗങ്ങള്‍ക്കും സാധ്യതയുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഒഡിഷ, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളെയാകും ഉഷ്ണതരംഗം കാര്യമായി ബാധിക്കുകയെന്നും മൊഹപത്ര പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ചൂട് തുടരുകയാണ്. 12 ജില്ലകളില്‍ താപനില ഉയരുമെന്നാണ് സൂചന. ഏപ്രില്‍ 5 വരെ കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-3 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഏപ്രില്‍ 5 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.