സുല്‍ത്താൻ ബത്തേരി (Sulthan Batheri) : വയനാട്ടിലെ സുല്‍ത്താൻ ബത്തേരി (Sultan Batheri in Wayanad) യില്‍ ആവേശമായി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ (Rahul Gandhi’s road show) . സുല്‍ത്താൻ ബത്തേരി ടൗണിലാണ് റോഡ് ഷോ നടന്നത്. കൊടികളില്ലാതെയാണ് റോഡ് ഷോ നടന്നത്. കോണ്‍ഗ്രസിന്‍റെയോ ലീഗിന്‍റെയോ കൊടികള്‍ റോഡ് ഷോയിലുണ്ടായിരുന്നില്ല. പകരം ബലൂണുകളും രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പതിച്ച പ്ലക്കാര്‍ഡുകളും കൈയിലേന്തിയാണ് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ അണിനിരന്നത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുക്കുന്നത്.
സുല്‍ത്താൻ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണൻ എംഎല്‍എ ഉള്‍പ്പെടെ റോഡ് ഷോയില്‍ പങ്കെടുത്തു. ഇതിനിടെ രാഹുൽഗാന്ധി എത്തിയ ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലൈയിംങ് സ്ക്വാഡ് പരിശോധന നടത്തി. വയനാടിനോട് ചേര്‍ന്നുളഅള തമിഴ്നാട്ടിലെ നിലഗീരി ജില്ലയിലെ താളൂരിലെത്തിയപ്പോഴാണ് ഹെലികോപ്ടര്‍ പരിശോധിച്ചത്.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തിയത്. രാവിലെ ഒൻപതരയ്ക്ക് നീലഗിരി ആട്സ് ആൻഡ് സയൻസ് കോളേജിലാണ് ഹെലികോപ്റ്ററില്‍ രാഹുല്‍ ഗാന്ധിയെത്തിയത്. ഇവിടെ വെച്ചാണ് പരിശോധന നടന്നത്. ഇതിനുശേഷമാണ് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പുറപ്പെട്ടത്. ഇന്ന് രാഹുൽ ഗാന്ധിക്ക് വയനാട് ജില്ലയിൽ ആറ് പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബത്തേരിക്ക് പുറമെ, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവടിങ്ങളിൽ റോഡ് ഷോ നടത്തും. പുൽപ്പള്ളിയിലെ കർഷക സംഗമത്തിൽ രാഹുൽ സംസാരിക്കും. ഉച്ചയ്ക്ക് മാനന്തവാടി ബിഷപ്പുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും വൈകീട്ട് കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിലും രാഹുൽ പങ്കെടുക്കും.