- Advertisement -
തൃശൂര്‍ : പെരുമഴയില്‍ പുഴ ഒഴുകിയെത്തിയതോടെ താണിക്കുടത്തമ്മയ്ക്ക് ആറാട്ട്. ഇന്നലെ രാത്രിയിലാണ് തൃശൂരിലെ താണിക്കുടം ഭഗവതി ക്ഷേത്രത്തില്‍ പുഴ ഒഴുകി നിറഞ്ഞത്. ക്ഷേത്രം ചുറ്റി ഒഴുകുന്ന പുഴ ശ്രീകോവിലില്‍ വിഗ്രഹം മൂടുന്നതാണ് ഈ ക്ഷേത്രത്തിന്റെ സവിശേഷത.വര്‍ഷത്തില്‍ ഒന്നിലേറേ തവണ ചിലപ്പോള്‍ പുഴ ഒഴുകിയെത്താറുണ്ട്. താണിക്കുടം പുഴ നിറഞ്ഞൊഴുകന്നതെപ്പോഴാണോ അപ്പോഴാണ് താണിക്കുടത്തമ്മയുടെ ആറാട്ടെന്നാണ് വിശ്വാസം.
പുഴയൊഴുകി ശ്രീകോവിലില്‍ കടന്നുവെന്ന വാര്‍ത്ത പരന്നതോടെ ക്ഷേത്രത്തിലേക്ക് ആറാട്ടു മുങ്ങാന്‍ ഭക്തരുടെ പ്രവാഹമായിരുന്നു.പുഴ ക്ഷേത്രത്തിലേക്കെത്തിയതോടെ ദേവിക്കൊപ്പം ഭക്തരും ആറാട്ടുമുങ്ങി. പുഴ ശ്രീകോവില്‍ മൂടുന്നതോടെ വിഗ്രഹം തിടപ്പിള്ളിയിലേയ്ക്കു മാറ്റിയാണ് നിത്യപൂജ നടത്തുക. ആറാട്ട് ചിലപ്പോഴൊക്കെ മൂന്നുദിവസം വരെ നീണ്ടുനിൽക്കും.