തീക്കാറ്റ് സാജനെ പൂട്ടാന്‍ പോലീസ്; ജാമ്യമില്ലാ വകുപ്പുപ്രകാരം മൂന്നു പുതിയ കേസുകള്‍, പരിശോധനകള്‍ കര്‍ശനമാക്കിയതായി കമ്മീഷണര്‍ ആര്‍ ഇളങ്കോ

Written by Taniniram

Published on:

തൃശൂര്‍: ഗുണ്ടാ നേതാവ് തീക്കാറ്റ് സാജനെ പൂട്ടാന്‍ പോലീസ്. ഇയാള്‍ക്കെതിരെ രണ്ടു പൊലീസ് സ്റ്റേഷനുകളില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈസ്റ്റ് പൊലീസ് സ്റ്റേഷനും സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസും ബോംബുവച്ച് തകര്‍ക്കുമെന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്കും വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കും കമ്മിഷണര്‍ ഓഫീസിലേക്കും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രണ്ടും വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഒരു കേസും ബിഎന്‍എസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

തെക്കേ ഗോപുര നടയില്‍ നടത്താനിരുന്ന ജന്മദിനാഘോഷം പോലീസ് മുടക്കിയതിലുളള വൈരാഗ്യത്തിലാണ് സ്‌റ്റേഷനുകളിലേക്ക് ഭീഷണി സന്ദേശം മുഴക്കിയത്. കോടതിയുടെ ഉത്തരവോടുകൂടി അന്വേഷണ ചുമതലയുള്ള അസി. കമ്മിഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ സാജന്‍ താമസിക്കുന്ന പാണഞ്ചേരി കന്നാലിച്ചാല്‍ ദേശത്തെ സാജന്‍ താമസിക്കുന്ന വീട്ടില്‍ റെയ്ഡു നടത്തിയെങ്കിലും പിടികൂടാനായില്ല.

തുടര്‍ന്ന് കര്‍ശനമായ പരിശോധനകള്‍ നടത്തുമെന്നും സാജനും കൂട്ടാളികള്‍ക്കുമെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു.

തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ് പോലിസും ഷാഡോ പോലീസുമാണ് അന്വേഷണം നടത്തുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്. ഇതിനിടെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി സൂചനയുണ്ട്. രണ്ട് കൊലപാതക ശ്രമം ഉള്‍പ്പെടെ 14 കേസുകളാണ് തീക്കാറ്റ് സാജനെതിരെയുള്ളത്. തൃശൂര്‍ പുത്തൂരിലെ ഓട്ടോ ഡ്രൈവറുടെ മൂത്തമകനായ സാജന്‍.ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇയാളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്താലാണെന്നു സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു.

See also  പൂരം അലങ്കോലം : എ സി പി ക്കെതിരായ നടപടി പുനപരിശോധിക്കണമെന്ന്

Leave a Comment