കോളറ; ഹോസ്റ്റൽ പൂട്ടി, ഒരാൾ മരിച്ചു, 10 വയസ്സുകാരന് കോളറ ….

Written by Web Desk1

Published on:

നെയ്യാറ്റിൻകര (Neyyattinkara) : നെയ്യാറ്റിൻകരയിലെ ഭിന്നശേഷിക്കാരുടെ ഹോസ്റ്റൽ പൂട്ടി. കോളറ ബാധിച്ച് ഒരാൾ മരിക്കുകയും രോഗം വ്യാപിക്കുകയും ചെയ്ത സംഭവത്തിലാണ് ഹോസ്റ്റൽ പൂട്ടേണ്ടി വന്നത്. ഛർദിയും വയറിളക്കവും ബാധിച്ച അന്തേവാസികളിൽ ഒരാൾക്കു പിടിപെട്ടത് കോളറയെന്നു സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര തവരവിളയിൽ പ്രവർത്തിക്കുന്ന ശ്രീ കാരുണ്യ മിഷൻ ചാരിറ്റബിൾ സ്കൂൾ സൊസൈറ്റിയുടെ ഹോസ്റ്റലിലെ അന്തേവാസികൾക്കാണ് രോഗം ബാധിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയെങ്കിലും കോളറയുടെ ഉറവിടം കണ്ടെത്താനായില്ല.

നഗരസഭയുടെ നിർദേശ പ്രകാരം ഹോസ്റ്റൽ താൽക്കാലികമായി അടച്ചുപൂട്ടി. അന്തേവാസികളെ വീടുകളിലേക്ക് മാറ്റി. പോകാനിടമില്ലാത്തവർ ഇവിടെ തന്നെ തുടരുകയാണ്.എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന 10 വയസ്സുകാരനാണു കോളറ സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളുമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ 6 പേർ ചികിത്സയിലുണ്ടായിരുന്നു. 4 പേരെ കൂടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11 ആയി. ഛർദിയും വയറിളക്കവും ബാധിച്ചു ചികിത്സയ്ക്കിടെ മരിച്ച വിതുര തൊളിക്കോട് മലയടി മുളമൂട്ടിൽ വീട്ടിൽ അനിൽകുമാറിന്റെ മകൻ അനുവിനും (26) പിടിപെട്ടതു കോളറ തന്നെയെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ചികിത്സയിൽ തുടരുന്നവരുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ജില്ലാ മെഡിക്കൽ ഓഫിസർ ബിന്ദു മോഹന്റെ നേതൃത്വത്തിലുള്ള സംഘം നെയ്യാറ്റിൻകര തവരവിളയിലെ ഹോസ്റ്റലും പരിസരവും പരിശോധിച്ചു. ക്ലോറിനേഷൻ ഉൾപ്പെടെയുള്ള ശുചീകരണ പ്രവർത്തനം നടത്തി. ഇവിടെയുള്ള കിണർ, ഓട തുടങ്ങിയയിടങ്ങളിൽ നിന്നെല്ലാം സാംപിൾ ശേഖരിച്ചിട്ടുണ്ട്. കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ തവരവിള ഹോസ്റ്റലിന്റെ സമീപത്തെ വീടുകളിൽ ക്ലോറിനേഷനും ബോധവൽക്കരണവും നടത്തി.

കോളറ സ്ഥിരീകരിക്കും മുൻപ് തന്നെ ഭക്ഷ്യസുരക്ഷാ വിഭാഗമെത്തി ആഹാര സാംപിൾ ശേഖരിച്ചിരുന്നു.
കഴിഞ്ഞ ദിവസം മരിച്ച അനു ഉൾപ്പെടെ ഇവിടെ 65 അന്തേവാസികളാണ് ഉള്ളതെന്ന് ശ്രീ കാരുണ്യ മിഷൻ ചാരിറ്റബിൾ സ്കൂൾ സൊസൈറ്റി പ്രിൻസിപ്പൽ അനിത പറഞ്ഞു. ഇതിൽ കുട്ടികളും യുവാക്കളും ഉൾപ്പെടെ 51 പേർ പുരുഷന്മാരാണ്. 14 പേർ വനിതകളും. പലരും വർഷങ്ങളായി ഇവിടെ താമസിക്കുകയാണെന്നും ഇതുവരെ ഇത്തരത്തിൽ ഒന്നും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ വിശദീകരിച്ചു

See also  സിപിഎം സമ്മേളനങ്ങളിൽ ഇനി പൊതിച്ചോർ മതി…

Leave a Comment