തൃശൂര്‍: പെരിഞ്ഞനത്തെ സെയിന്‍ ഹോട്ടലില്‍ ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, ഹോട്ടലിന് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തല്‍. ഹോട്ടല്‍ കഴിഞ്ഞ മാസം വരെ പ്രവര്‍ത്തിച്ചത് മറ്റൊരാളുടെ ലൈസന്‍സിലാണെന്നും നിലവിലെ നടത്തിപ്പുകാരനായ റഫീഖിന് ലൈസന്‍സ് കിട്ടിയിട്ടില്ലെന്നുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ പെരിഞ്ഞനം സ്വദേശിയായ ഉസൈബ ഇന്ന് പുലര്‍ച്ചെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
സെയിന്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഇതിന് മുമ്പും ഭക്ഷ്യവിഷബാധയേറ്റതായി എംഎല്‍എ ഇടി ടൈസണ്‍ പറഞ്ഞു. അന്നും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും പിഴ ഈടാക്കുകയും ഹോട്ടല്‍ താല്‍ക്കാലികമായി പൂട്ടിക്കകയും ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. ഭക്ഷ്യവിഷബാധയ്ക്ക് കാരണം മയൊണൈസോ പഴകിയ കോഴിയിറച്ചിയോ ആകാമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. പരിശോധന ഫലം വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.
സെയിന്‍ ഹോട്ടലില്‍നിന്ന് കുഴിമന്തി പാഴ്‌സല്‍ വാങ്ങി കഴിച്ച 178 ഓളം പേരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കണ്ടെത്തല്‍. ഹോട്ടലിനെതിരെ കടുത്ത നിയമനടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.