ഒടുവില്‍ അവര്‍ നേടിയെടുത്തു… സുഗമ സഞ്ചാരത്തിനുള്ള ആ വഴിത്താര. വ്യത്യസ്തങ്ങളായ ഒരുപാട് സമരങ്ങള്‍ സൃഷ്ടിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ റോഡാണ് നെറ്റിശ്ശേരി റോഡ്. തൃശൂര്‍ മേയറുടെയും, എം.എല്‍.എ.യുടെയും നാടായ നെട്ടിശ്ശേരി റോഡിന്‍റെ പണി പൂര്‍ത്തീകരിച്ച് റോഡ് യാഥാര്‍ത്ഥ്യമാകുന്നു.
ആദ്യം അധികാരികളുടെ കണ്ണ് തുറക്കുവാനായി അപേക്ഷ നല്‍കുകയും, ഫ്ലെക്സ് വയ്ക്കുകയും ചെയ്തു. എന്നിട്ടും അനക്കമില്ലാതായപ്പോള്‍ റോഡിലെ കുഴിയെണ്ണി തിട്ടപ്പെടുത്തുന്നവര്‍ക്ക് പൊന്‍പണം നല്‍കി പ്രതിഷേധിച്ചു. മന്ത്രി ആര്‍.ബിന്ദുവിന്‍റെ കണ്ണട വിവാദം വന്നപ്പോള്‍ ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ നല്‍കി ധൂര്‍ത്തടിക്കുന്നവര്‍ക്കെതിരെ റോഡിന്‍റെ അവസ്ഥ കാണുവാന്‍ കണ്ണടകള്‍ വിതരണം ചെയ്ത് പ്രതിഷേധിച്ചു. അനങ്ങാത്ത ഭരണാധികള്‍ക്കെതിരെ തളരാത്ത പ്രതിഷേധവുമായി നാട്ടുകാര്‍ മുന്നോട്ടു നീങ്ങി. അപകടങ്ങള്‍ പതിവായപ്പോള്‍ റോഡില്‍ പതിയിരുന്ന കാലനെ ആട്ടിയോടിക്കല്‍ സമരവും നടത്തി ജനകീയ പ്രതിഷേധം ശക്തമാക്കി.
തുടര്‍ന്ന് സമരങ്ങളുടെ സമ്മര്‍ദ്ദത്തിന്‍റെ ഭാഗമായി റോഡ് പണിക്ക് വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിലവില്‍ നീണ്ട വര്‍ഷക്കാലത്തെ ദുരിതങ്ങള്‍ക്ക് പരിസമാപ്തി കുറിക്കുകയാണ് ഒരു കോടി 55 ലക്ഷത്തി അറുപത്തി ആറായിരത്തി മുന്നൂറ്റി അമ്പത്തി ആറ് രൂപ മുടക്കി പണി പൂര്‍ത്തീകരണത്തിലൂടെ. എക്‌സ് സുബൈദാര്‍ മേജര്‍ കെ.കെ.ഉണ്ണികൃഷ്ണന്‍, കാര്‍ഷിക സര്‍വ്വകലാശാല മുന്‍ ജോയിന്റ് റെജിസ്ട്രാര്‍ വി.ബാലഗോപാലന്‍, ജെന്‍സന്‍ ജോസ് കാക്കശ്ശേരി, എ.അഭിലാഷ്, ശശി നെട്ടിശ്ശേരി, എച്ച്.ഉദയകുമാര്‍, സോജന്‍ മഞ്ഞില തുടങ്ങിയവരാണ് നാട്ടുകാരുടെ സഹകരണത്തോടെ ജനകീയ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.