റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ തൃശൂര്‍ അവിട്ടത്തൂർകാരി മിനിയും

Written by Taniniram

Published on:

ഇരിങ്ങാലക്കുട : ദില്ലിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇക്കുറി ഒരു അവിട്ടത്തൂര്‍കാരിയും ഉണ്ടാകും. വേളൂക്കര പഞ്ചായത്തിലെ സി ഡി എസ് അംഗവും എ ഡി എസ് പ്രസിഡന്റുമായ മിനിക്കാണ് ഈ സൗഭാഗ്യം ലഭിച്ചിരിക്കുന്നത്. റിട്ട എഞ്ചിനീയറായ കിഴുവാട്ടില്‍ ശശീന്ദ്രന്റെ ഭാര്യയാണ് മിനി. കേരളത്തില്‍ നിന്നും മികച്ച 10 വനിത സംരംഭകര്‍ക്കാണ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടുള്ളത്. ഇതില്‍ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഏക വ്യക്തിയാണ് മിനി. തയ്യല്‍ വേല ചെയ്തിരുന്ന മിനി 2006 ലാണ് കുടുംബശ്രീയിലെത്തിയത്. സോപ്പുപൊടി നിര്‍മ്മാണമായിരുന്നു ആദ്യകാലത്ത്. അതിനിടയിലാണ് പഞ്ചായത്തിലെ കുട നിര്‍മ്മാണ പരിശീലനത്തില്‍ പങ്കെടുത്തത്. ചിറയില്‍മേല്‍ രത്‌നവല്ലി മോഹനന്‍, വള്ളോംപറമ്പത്ത് പണിക്കശ്ശേരി സ്‌നേഹ ബാലന്‍, കദളിക്കാട്ടില്‍ ഷൈലജ സുഗതന്‍ എന്നിവരുമായി സഹകരിച്ച് മിനി 2008ല്‍ അവിട്ടത്തൂരില്‍ ഒരു കുട നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു. 2018 മാര്‍ച്ചില്‍ കെ എസ് എഫ് ഇ യ്ക്കുവേണ്ടി 6000 കുടയുടെ ഓര്‍ഡര്‍ ലഭിച്ചതാണ് ഇവരുടെ ജീവിതത്തില്‍ വഴിത്തിരിവായത്. പിന്നീട് വിവിധ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടി അവരുടെ പേരു വെച്ച പ്രത്യേകം കുടകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള ഓര്‍ഡറുകള്‍ ലഭിച്ചു തുടങ്ങി.

കോവിഡ് കാലത്ത് ‘ഒരു കുട അകലം’ എന്ന മട്ടില്‍ നടന്ന കാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ക്കായി പത്തു ലക്ഷത്തോളം രൂപയുടെ കുടകള്‍ വില്‍ക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു.
ഹരിത പദ്ധതി പ്രകാരം പച്ചക്കറി കൃഷിയും ആരംഭിച്ചു. കായ, ശര്‍ക്കരവരട്ടി, സാമ്പാര്‍പൊടി എന്നിവ ഫുഡ് പ്രൊഡക്ഷന്‍ യൂണിറ്റിന്റെ കീഴില്‍ വീടുകളിലാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. കുടുംബശ്രീയുടെ കര്‍ഷക ഗ്രൂപ്പുകള്‍ വഴി പച്ചക്കറി കൃഷിയില്‍ ഇഞ്ചി, മഞ്ഞള്‍, ചേന എന്നിവയാണ് പ്രധാനമായി കൃഷി ചെയ്യുന്നത്. മേളകളിലും സ്വാശ്രയ കര്‍ഷക സംഘങ്ങളിലും കുടുംബശ്രീ മാസച്ചന്തകളിലുമാണ് പ്രധാനമായും വിപണനം നടത്തുക. തിരുവനന്തപുരത്തു നടന്ന നവകേരളീയത്തില്‍ ഇവരുടെ വിപണന കേന്ദ്രവും ഉണ്ടായിരുന്നു.പഞ്ചായത്തിലെ മികച്ച കുടുംബശ്രീ സംരംഭത്തിനുള്ള പുരസ്‌കാരവും മിനിക്ക് ലഭിച്ചിട്ടുണ്ട്.
മക്കളായ അഭിജിത്ത്, അനുപമ എന്നിവര്‍ വിദേശത്താണ്. ചടങ്ങില്‍ പങ്കടുക്കുവാന്‍ ജനുവരി 24ന് മിനി ഡല്‍ഹിയിലേക്കു പുറപ്പെടും.

See also  ചാവക്കാട് നിന്നും കാണാതായ 2 കുട്ടികളെ ബാംഗ്ലൂരിൽ നിന്നും കണ്ടെത്തി. വഴക്ക് പറഞ്ഞതിനാലാണ് ഇരുവരും വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയത്

Related News

Related News

Leave a Comment