തൃശൂരില്‍ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ടു ചെയ്തു. പാടൂര്‍ സ്വദേശിയായ ഏഴാം ക്ലാസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ വടക്കന്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത തീവ്രസ്വഭാവത്തിലുള്ള അണുബാധയല്ല കുട്ടിയില്‍ കണ്ടെത്തിയിരിക്കുന്നത്. വെര്‍മമീബ വെര്‍മിഫോര്‍സിസ് എന്ന അണുബാധയാണ് കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മൂന്നു കുട്ടികളാണ് വടക്കന്‍ കേരളത്തില്‍ മരിച്ചത്. ഇതോടെ അതീവ ജാഗ്രത വേണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുത്. സ്വിമ്മിംഗ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.