സാമ്പത്തിക തട്ടിപ്പ്, ഭൂമി തട്ടിപ്പ്, ലൈംഗിക കുറ്റകൃത്യങ്ങള്‍. ഒട്ടുമിക്ക പത്രങ്ങളുടെയും ക്രൈം പേജുകളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന സന്തോഷ് മാധവന്റെ (Santhosh Madhavan) ജനനം കട്ടപ്പനയിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു. പത്താംക്ലാസ് കഴിഞ്ഞ് നാട് വിട്ട് എറണാകുളത്തെത്തി. ചില ക്ഷേത്രങ്ങളില്‍ ശാന്തിക്കാരനായി ജോലി ചെയ്തു. പിന്നെ 2002 വരെ ദുബൈയിലായിരുന്നു താമസം. 2002ല്‍ നാട്ടിലത്തെിയ ഇയാള്‍ പിന്നീടാണ് ആള്‍ദൈവമാകുന്നത്. അവിടെ നിന്നാണ് അമൃത ചൈതന്യയിലേക്കും സന്തോഷ് മാധവനിലേക്കുളള കൂടുമാറ്റം.
തൂവെളള വേഷം, നീട്ടിവളര്‍ത്തിയ താടി, നെറ്റിയില്‍ ചന്ദനക്കുറി, ഒറ്റനോട്ടത്തില്‍ തന്നെ ആരെയും വീഴ്ത്താനുളള കഴിവ്. താന്‍ ആത്മീയ ചൈതന്യമുളള വ്യക്തിയാണെന്ന് മറ്റുളളവരെ വിശ്വസിപ്പിക്കാനുളള എല്ലാ തരികിട നമ്പറുകളും. ജ്യോതിഷം, താന്ത്രികവിദ്യ, നാരീ പൂജ എന്നിവയാണ് ഹൈലൈറ്റ്. സിനിമാതാരങ്ങളുള്‍പ്പെടെ സ്ഥിരം സന്ദര്‍ശകര്‍, ഉന്നതപോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ആരാധകവൃന്ദമായി ചുറ്റിലും എപ്പോഴുമുണ്ടാകും.സിനിമകളെ പോലും വെല്ലുന്ന കൊച്ചിയിലെ ദുരൂഹ ആശ്രമം. തന്റെയും മാതാപിതാക്കളുടെയും പേരില്‍ ശാന്തിതീരം ട്രസ്റ്റും പോണേക്കരയില്‍ ആശ്രമവും സ്ഥാപിച്ചു. 16 സ്യൂട്ടുകളുള്ള ആശ്രമത്തില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍, ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, സിനിമാതാരങ്ങള്‍, പ്രവാസി ഉന്നതര്‍, വന്‍കിട വ്യാപാരികള്‍ എന്നിവര്‍ സ്ഥിരം സന്ദര്‍ശകരായിരുന്നു.
ഇന്റര്‍പോള്‍ തിരയുന്നവരുടെ പട്ടികയില്‍ അമൃത ചൈതന്യ എന്ന പേരില്‍ ചിത്രം ഉള്‍പ്പെടെ വന്നതോടെ ആദ്യമായി പ്രതിരോധത്തിലായി.സന്തോഷ് മാധവന്‍ ഹോട്ടല്‍ ബിസിനസ് നടത്താനെന്ന പേരില്‍ തന്റെ കൈയ്യില്‍ നിന്ന് കാശ് തട്ടിയെടുത്തെന്ന് പ്രവാസി വനിതാ വ്യവസായിയായ സെറാഫിന്‍ എഡ്വിന്‍ പറഞ്ഞതോടെയാണ് സന്തോഷ് ശരിക്കും കുരുക്കിലായത്. റോയല്‍ ക്രിസ്റ്റല്‍ ഹോട്ടല്‍ എം.ഡി ഇസ്മായീല്‍ എന്നയാളുമായി ചേര്‍ന്ന് ഹോട്ടല്‍ ബിസിനസ് നടത്താമെന്ന് പറഞ്ഞാണ് സന്തോഷ് മാധവന്‍ നാല് ലക്ഷം ദിര്‍ഹം (ഏകദേശം 45 ലക്ഷം രൂപ) കൈക്കലാക്കിയതെന്നും ഇവര്‍ അന്നു പറഞ്ഞു. ദുബായില്‍ ഇലക്ട്രോ മെക്കാനിക്കല്‍ കമ്പനി നടത്തിയിരുന്ന സെറാഫിന്‍ സന്തോഷ് മാധവനെതിരേ ഇന്റര്‍പോളില്‍ പരാതി നല്‍കുകയും ചെയ്തു. കൂടാതെ ഗള്‍ഫിലുള്ള 70ല്‍ അധികം ആളുകളില്‍ നിന്നും സന്തോഷ് മാധവന്‍ പണം തട്ടിയെടുത്തു. യു.എ.ഇയില്‍ സന്തോഷ് മാധവനെതിരെ വഞ്ചനക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. സന്തോഷ് മാധവനുവേണ്ടി (Santhosh Madhavan) അന്വേഷണം നടത്തിയ ഇന്റര്‍പോള്‍ 2004ല്‍ ലുക്കൗട്ട് നോട്ടീസിറക്കി. ഈ കേസില്‍ 2008 മേയ് 18 ന് കൊച്ചിയില്‍ അറസ്റ്റിലായി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പല വസ്തുകളും പുറത്തായത്.
സമൂഹത്തില്‍ ഉന്നതനിലയില്‍ കഴിയുന്ന പല സ്ത്രീകളെയും ഇയാള്‍ വളച്ചെടുത്തിരുന്നു. . ഇവരില്‍ നിന്നെല്ലാം ഇയാള്‍ പണം തട്ടിയിരുന്നു. സന്തോഷ് മാധവനെ തെളിവെടുപ്പിനായി ബാങ്കില്‍ കൊണ്ടു വന്ന പോലീസ് ഇയാളുടെ ലോക്കറില്‍ നിന്ന് ഇരുപതോളം സിഡികള്‍ കണ്ടെടുത്തു. പ്രായ പൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പടെ നിരവധി സ്ത്രീകളെ സന്തോഷ് മാധവന്‍ ലൈംഗികമായ പീഡനത്തിന് വിധേയം ആക്കിയതായി സിഡി പരിശോധിച്ചതിലൂടെ പോലീസിനു മനസിലായി. സ്ത്രീകളെ ഉപയോഗിച്ച് നീല ചിത്ര നിര്‍മാണം നടത്തുകയും ചെയ്തു. ഇവയിലെല്ലാം നായകന്‍ സന്തോഷ് മാധവനായിരുന്നു.
ആശ്രമത്തില്‍ സ്ഥിരമായി നടന്നിരുന്നത് നാരീ പൂജയും നഗ്നപൂജയുമായിരുന്നു.പെണ്‍കുട്ടികളെ പൂര്‍ണ്ണനഗ്നയാക്കിയാണ് വിവിധ ദോഷങ്ങള്‍ക്ക് പൂജ നടത്തിയത്. പ്രായപൂര്‍ത്തിയാക്കിയ പെണ്‍കുട്ടികളെ നഗ്നയാക്കി പീഡിപ്പിച്ചതിനും പോലീസ് കേസെടുത്തു. നിരവധി അശ്‌ളീല ദൃശ്യങ്ങളടങ്ങിയ സീഡികളും പിടിച്ചെടുത്തു.
എറണാകുളം നഗരത്തില്‍ വിവാദ സ്വാമിയുടെ പോണേക്കരയിലെ ആശ്രമത്തില്‍ റെയ്ഡ് നടത്തിയ പോലീസ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ അന്ന് കണ്ടത്തെിയിരുന്നു.
ആശ്രമത്തിന് കീഴില്‍ അനാഥശാലയും പ്രവര്‍ത്തിച്ചിരുന്നു. ഇവയുടെ മറവിലായിരുന്നു ഇടപാടുകള്‍. വിദ്യാഭ്യാസചെലവും മറ്റും സ്‌പോണ്‍സര്‍ ചെയ്ത് അനാഥശാലയിലത്തെിച്ച പ്രായപൂത്തിയാകാത്ത പെണ്‍കുട്ടികളെ ഇയാള്‍ പലവട്ടം ലൈംഗികമായി പീഡിപ്പിച്ചു. മറ്റ് പലര്‍ക്കും കാഴ്ചവെക്കുകയും ഇതിന്റെയെല്ലാം നീലച്ചിത്രം നിര്‍മിക്കുകയും ചെയ്തു.
2009 മേയ് 16ന് കീഴ്‌കോടതി സന്തോഷ് മാധവനെ 16 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. പിന്നീട് ഹൈക്കോടതി ചെറിയ ഇളവോടെ ശിക്ഷ ശരിവെച്ചു. 2006ല്‍ ഇയാള്‍ 22 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിനും കേസുണ്ടായിരുന്നു.
കോടികളുടെ ഹവാല ഇടപാടിലും സെക്‌സ് റാക്കറ്റിലും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. ‘ആള്‍ദൈവം’ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. നിരവധി ബിനാമി ഇടപാടുകള്‍ ഉണ്ടായിരുന്നതായും ഭൂമിയിടപാടുകളില്‍ ഇടനിലക്കാരനായിരുന്നതായും അന്നുതന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു.
ആത്മീയ വ്യാപാരത്തിലൂടെ അനേകം ആളുകളെ വലയില്‍ വീഴ്ത്തിയായിരുന്നു അമൃതചൈതന്യ എന്ന പേരില്‍ സന്തോഷ് മാധവന്‍ വളര്‍ന്നത്. . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ ലൈംഗിക സംതൃപ്തി കണ്ടെത്തുന്നതായിരുന്നു ഇയാളുടെ പ്രധാന വിനോദം. സന്തോഷ് മാധവന്‍ ബലാല്‍സംഗം ചെയ്തതായി കാണിച്ച് പതിനഞ്ചുകാരിയായ പെണ്‍കുട്ടി പരാതി നല്‍കിയതോടെയാണ് കാര്യങ്ങള്‍ പുറത്തുവരുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇടപ്പള്ളിക്കടുത്ത് പെണ്‍കുട്ടികള്‍ക്കായി അനാഥാശ്രമം നടത്തിയിരുന്ന സന്തോഷ് മാധവന്‍ അവിടുത്തെ അന്തേവാസികളായിരുന്ന പന്ത്രണ്ടോളം പെണ്‍കുട്ടികളെ മാറിമാറി പീഡിപ്പിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിനു ശേഷമാണ് പോലീസ് അന്ന് സന്തോഷ് മാധവനെ അറസ്റ്റു ചെയ്തത്. ഒരു തവണ മുന്നില്‍ എത്തിയിട്ടും വെറുതെ വിട്ട സന്തോഷ് മാധവനെ പോലീസ് പിടികൂടിയത് നാടകീയമായായിരുന്നു. പീഡനത്തിനു പുറമേ സാമ്പത്തിക തട്ടിപ്പുകളും സന്തോഷിനെ കുടുക്കുന്നതില്‍ നിര്‍ണായകമായി.
ലൈംഗികമായി ബന്ധപ്പെടുന്നതിന്റെ ഫോട്ടോയും വീഡിയോകളും പകര്‍ത്തി സൂക്ഷിക്കുന്നതും ഇയാളുടെ ഹോബിയായിരുന്നു. ഇയാളുടെ ഫല്‍റ്റ് റെയ്ഡ് ചെയ്ത പോലീസിന് അവിടെനിന്നും അനേകം നീലച്ചിത്രങ്ങളുടെ സിഡി, മയക്കുമരുന്ന്, പുലിത്തോല്‍ തുടങ്ങിയവയും ലഭിച്ചു. ആരോപണങ്ങളുയര്‍ന്നപ്പോള്‍ ചാനലുകളിലും മറ്റും വന്നിരുന്ന് താന്‍ നിരപരാധിയാണെന്നു വാദിക്കാനും ഇയാള്‍ക്കു മടിയുണ്ടായിരുന്നില്ല. എന്നാല്‍ റെയ്ഡില്‍ സിഡികളും മറ്റും പിടിച്ചതോടെ പണിപാളുകയായിരുന്നു.
മലയാളത്തിലെ ഒരു മുന്‍ നായികയുമായി താന്‍ നിരവധി തവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരുന്നതായി സന്തോഷ് മാധവന്‍ അന്ന് പറഞ്ഞിരുന്നു. നായികയുടെ ബന്ധുവും സന്തോഷുമായി അടുത്ത ബന്ധമുള്ളതുമായ പ്രമുഖനടിയാണ് നായികനടിയെ സന്തോഷിന് പരിചയപ്പെടുത്തിയത്. കടവന്ത്രയിലെ ഫല്‍റ്റില്‍ ശത്രുസംഹാര പൂജയ്ക്കും മറ്റുമായി ഇരുവരും പതിവായെത്തുമായിരുന്നു. ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികളുമായി ലൈംഗികബന്ധം ഇഷ്ടപ്പെട്ടിരുന്ന സന്തോഷ് മാധവന്‍ മുന്‍ നായികയുമായി നിരവധി തവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നതായും വെളിപ്പെടുത്തി. ഇതിന്റെ ദൃശ്യങ്ങള്‍ രഹസ്യക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.
സിനിമയില്‍ സജീവമാകുന്നതിനു മുമ്പാണ് ഈ നടി സന്തോഷ് മാധവുമായി അടുക്കുന്നത്. ആദ്യ പടം ഹിറ്റാകുമെന്ന സന്തോഷിന്റെ പ്രവചനം ശരിയായതോടെ നായിക ഇയാളെ അന്തമായി വിശ്വസിച്ചു. ഒടുവില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ച നടി തങ്ങള്‍ ബന്ധപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ആദ്യം ഇത് നിരസിച്ച സന്തോഷ് അവസാനം ബന്ധുവായ നടിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഇവരുടെ മുമ്പില്‍വച്ച് ഡിജിറ്റല്‍ വീഡിയോ ടേപ്പ് നശിപ്പിക്കുകയായിരുന്നു. വിവാഹശേഷം ആ നടി സിനിമാഭിനയം അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വിവാഹമോചനത്തിന് വരെ കാരണമായത് ഈ സംഭവമാണെന്നാണ് കരുതുന്നത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലെത്തിയ സന്തോഷിന് അവിടെ ലഭിച്ചത് സുഖ ജീവിതമായിരുന്നു. ജയിലിനുള്ളിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ പൂജാരിയായാണ് അധികൃതര്‍ സന്തോഷിനെ നിയമിച്ചത്. എന്നാല്‍ ജയില്‍ അന്തേവാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇയാളെ തല്‍സ്ഥാനത്തു നിന്നും മാറ്റുകയായിരുന്നു. തുടര്‍ന്ന് നിയമിച്ചത് ജയിലിലെ ചികിത്സാ സഹായിയായി. ജയിലില്‍ ഡോക്ടറുടെ സഹായിയായിരുന്ന സമയത്ത് മരുന്ന് എടുത്തു കൊടുക്കുക,രോഗികളുടെ വിവരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തുക തുടങ്ങിയവയായിരുന്നു സന്തോഷ് മാധവന്റെ ജോലികള്‍. ജോലി തീര്‍ത്ത് ഡോക്ടര്‍ മടങ്ങിയാലും സന്തോഷ് മാധവന്‍ (Santhosh Madhavan) കംപ്യൂട്ടറിനു മുമ്പിലായിരിക്കും. കാരണം ഇന്റര്‍നെറ്റും പ്രിന്ററുമെല്ലാം ഉണ്ടായിരുന്നു എന്നതു തന്നെ. ഡോക്ടറുമായുള്ള സൗഹൃദം മുതലെടുത്ത് തനിക്ക് വൈരാഗ്യമുള്ളവര്‍ക്ക് ചികിത്സ നിഷേധിക്കുന്നത് സന്തോഷ് മാധവന്റെ പതിവുകൃത്യങ്ങളിലൊന്നായിരുന്നു. കേരളത്തിലെ ഇരുമുന്നണികള്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവനായിരുന്നു എന്നതായിരുന്നു സന്തോഷ് മാധവന് തുണയായത്.