കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ വിട്ട് നല്‍കണമെന്ന പെണ്‍മക്കളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ജീവിച്ചിരുന്ന കാലത്ത് ലോറന്‍സ് എടുത്ത തീരുമാനമാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടു കൊടുക്കണമെന്നത്. ഈ ആഗ്രഹത്തിനാണ് കോടതി ശരിവെച്ചത്. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. നേരത്തെ സിംഗിള്‍ ബെഞ്ചും ഈ ഹര്‍ജി തള്ളിയിരുന്നു.
പെണ്‍മക്കളായ സുജാതയും, ആശയുമാണ് ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയത്. അതേസമയം, ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മകള്‍ ആശ ലോറന്‍സ് രംഗത്തെത്തി. നിയമ പോരാട്ടം തുടരുമെന്നും ഇതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും ആശ ലോറന്‍സ് പ്രതികരിച്ചു. നീതി നടപ്പാക്കാന്‍ കോടതികള്‍ ബാധ്യതസ്ഥരാണ്. നീതിക്കുവേണ്ടി പോരാടാനാണ് തീരുമാനം. പിതാവ് മൂത്തമകള്‍ സുജയോട് സെമിത്തേരിയില്‍ അടക്കാനാണ് താല്‍പ്പര്യമെന്ന് പറഞ്ഞിരുന്നു.