അഹമ്മദാബാദ് : പതിനെട്ട്കാരിയായ പെണ്‍കുട്ടിയെ തലയ്ക്കടിച്ച് കൊന്ന് പിതാവിന്റെ പരാക്രമം. വീട്ടുജോലി ചെയ്യാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചെന്ന് ആരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ മകളെ പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയത്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. പതിനെട്ടുകാരിയായ ഹെതാലി ആണ് മരിച്ചത്. പിതാവ് മുകേഷിനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ അമ്മയായ ഗീതാ ബെന്‍ നല്‍കിയ പരാതിയിലാണ് കേസ്. മകളോട് വീട്ടുജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടാണ് ഗീത ജോലിക്കു പോയത്. ഈസമയം അസുഖബാധിതനായ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നു.
മുകേഷ് മകളോട് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും അവള്‍ മൊബൈല്‍ ഗെയിമില്‍ മുഴുകി. മകളുടെ തലയിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രഷര്‍ കുക്കര്‍ ഉപയോഗിച്ചു മുകേഷ് ആവര്‍ത്തിച്ച് അടിക്കുകയായിരുന്നു. വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന മകന്‍ മായങ്ക് (13) സഹോദരിയുടെ കരച്ചില്‍ കേട്ട് അകത്തേക്ക് ഓടിയെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന ഹെതാലിയെ കണ്ടതെന്ന് പൊലീസ് പറഞ്ഞു. മായങ്ക് ഫോണ്‍ വിളിച്ചതിനെ തുടര്‍ന്ന് ഗീത വീട്ടിലേക്ക് ഓടിയെത്തി ഹെതാലിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഡോക്ടര്‍മാര്‍ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു. വീട് വൃത്തിയാക്കാനുള്ള മുകേഷിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് മുകേഷും മകളും തമ്മില്‍ വഴക്കുണ്ടായതെന്ന് ചൗക്ക് ബസാര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വി.വി. വഗാഡിയ പറഞ്ഞു.