എക്‌സ്‌റ്റേണൽ കോ-ഓപ്പറേഷൻ സെക്രട്ടറിയായി കെ വാസുകി IAS ന്റെ നിയമനം വിവാദത്തിൽ … വിശദീകരണവുമായി ചീഫ് സെക്രട്ടറി , വിമർശിച്ച്‌ ശശി തരൂർ

Written by Taniniram

Published on:

Taniniram Web Sepcial | സംസ്ഥാന സര്‍ക്കാരിന്റെ എക്‌സ്‌റ്റേണല്‍ കോര്‍പ്പറേഷന്റെ ചുമതല കെ.വാസുകി ഐഎസിനെ നിയമിച്ചുളള സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍. വിദേശകാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയിലാണെന്നിരിക്കെയാണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ കെ വാസുകിക്ക് കേരള സര്‍ക്കാര്‍ ചുമതല നല്‍കിയിരിക്കുന്നത്. ജൂലൈ 15 നാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ചുളള ഉത്തരവ് പുറത്തിറക്കിയത്. നിയമനം ഭരണഘടനാ ലംഘനമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രേന്‍ ആരോപിച്ചത്.

കെ.വാസുകി നിലവിലുള്ള തൊഴില്‍ വകുപ്പിന്റെ ചുമതലകള്‍ക്ക് പുറമേ, സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വിദേശ ബന്ധങ്ങളെയും ഏകോപിപ്പിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നു.ഡല്‍ഹിയിലെ കേരള ഹൗസിന്റെ റസിഡന്റ് കമ്മീഷണര്‍ വിദേശകാര്യ മന്ത്രാലയവുമായും (എംഇഎ) വിദേശത്തുള്ള ഇന്ത്യന്‍ എംബസികളുമായും വാസുകി സഹകരിച്ച് പ്രവര്‍ത്തിക്കും.

എന്നാല്‍ സംസ്ഥാനങ്ങള്‍ ഇന്ത്യന്‍ എംബസികളുമായോ എംഇഎയുമായോ നേരിട്ട് ഇടപഴകാത്ത വ്യവസ്ഥാപിതിയും പ്രോട്ടോക്കോളുകളുമാണ് രാജ്യത്ത് നിലവിലുളളത്.

സാധാരണയായി, വിദേശത്തുള്ള മലയാളികളുള്‍പ്പെടെയുളള കാര്യങ്ങള്‍ നോര്‍ക്കയുടെ ചുമതലയുള്ള സെക്രട്ടറിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ആണ് കൈകാര്യം ചെയ്യുന്നത്.

വാസുകിയുടെ നിയമനത്തില്‍ വിമര്‍ശനവുമായി ഈ രംഗത്തെ വിദഗ്ധരും പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. മുന്‍ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍ ഈ റോളിന്റെ ആവശ്യകതയെ ചോദ്യം ചെയ്തു, അന്താരാഷ്ട്ര ബന്ധങ്ങള്‍ കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ 2021-ല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ വേണു രാജാമണിയെ ന്യൂ ഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി എംഇഎയുമായി ബന്ധപ്പെടാന്‍ കേരള സര്‍ക്കാര്‍ നിയമിച്ചിരുന്നു.

ആഭ്യന്തര കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് എംബസികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കിലും, വിദേശ സഹകരണത്തിന് ഒരു ഉദ്യോഗസ്ഥ പദവി അസാധാരണ നീക്കമെന്ന് ഡിപ്ലോമറ്റും മുന്‍ വിദേശസഹ മന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ പറഞ്ഞു.

കേരള ചീഫ് സെക്രട്ടറി ഡോ.വി.വേണു IAS ന്റെ വിശദീകരണം

സംസ്ഥാന സര്‍ക്കാര്‍ ഒരു ഉദ്യോഗസ്ഥയെ വിദേശകാര്യ(Foreign) സെക്രട്ടറിയായി നിയമിച്ചു എന്ന വാര്‍ത്ത വൈറലായിരിക്കുകയാണ്.
സമീപകാലത്തായി കണ്ടുവരുന്ന ഒരു പ്രവണതയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഈ വാര്‍ത്ത. ഒരു സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്ത ഉണ്ടാക്കാനും പ്രചരിപ്പിക്കുവാനും ഉള്ള അവസരം നഷ്ടപ്പെടരുത് എന്ന ചിലരുടെ വാശിയുടെ അടിസ്ഥാനത്തിലാണ് ഇത് പോലെയുള്ള വാര്‍ത്തകള്‍ പിറക്കുന്നത്.
താന്‍ എഴുതുന്നത് വാസ്തവമല്ല എന്ന് പൂര്‍ണ അറിവോടുകൂടി ഒരു പത്രപ്രവര്‍ത്തകന്‍ കരുതിക്കൂട്ടി ഒരു കള്ളവാര്‍ത്ത ചമച്ചു ഉണ്ടാക്കുന്നതിന്റെ ഉദാഹരണമാണിത്. ഒരു വാര്‍ത്ത വന്നാല്‍ അതിന്റെ സ്രോതസ്സ് എന്ത് എന്ന് അന്വേഷിക്കാതെ, വസ്തുതയുണ്ടോ എന്ന് പരിശോധിക്കാതെ, സര്‍ക്കാര്‍ വിരുദ്ധ അഭിപ്രായവുമായി ഓടിയിറങ്ങാന്‍ താല്പര്യമുള്ളവര്‍ ഈ കള്ള വാര്‍ത്തയോട് പ്രതികരിക്കുന്നതും കണ്ടു. കേരളം മറ്റൊരു രാജ്യമായി മാറുകയാണോ എന്നു വരെ ചിലര്‍ അത്ഭുതപ്പെട്ടു!


ഇനി വസ്തുതകള്‍ എന്തെന്ന് നോക്കാം. സംസ്ഥാന സര്‍ക്കാര്‍ വിദേശകാര്യ സെക്രട്ടറിയെ നിയോഗിച്ചു ഉത്തരവിറക്കിയോ?
ഇല്ല. വിദേശ കാര്യം കേന്ദ്രസര്‍ക്കാരിന്റെ വിഷയമാണ് എന്ന അടിസ്ഥാന വസ്തുത അറിയാത്തവരല്ല സര്‍ക്കാരില്‍ ഇരിക്കുന്നവര്‍.
പിന്നെ എന്താണ് ഈ ഉത്തരവിലൂടെ സര്‍ക്കാര്‍ ഉദ്ദേശിച്ചത്?
പല വിദേശ ഏജന്‍സികള്‍, multilateral agencies, വിദേശരാജ്യങ്ങളുടെ എംബസികളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, പ്രതിനിധി സംഘങ്ങള്‍, കേരള സംസ്ഥാന സര്‍ക്കാരിനോടും അതുപോലെതന്നെ മറ്റു സംസ്ഥാന സര്‍ക്കാരുകളോടും നിരന്തരം ബന്ധപ്പെടാറുണ്ട്. ഈ ഇടപാടുകളിലൂടെ വാണിജ്യ വ്യാവസായിക സാംസ്‌കാരിക രംഗങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുവാനുള്ള ബന്ധങ്ങള്‍ സ്ഥാപിക്കാറുണ്ട്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോ മന്ത്രിമാരോ വിദേശത്ത് പോകുമ്പോള്‍ അവിടെ നടക്കുന്ന ചര്‍ച്ചകളുടെ ഫലമായി പല പ്രതിനിധികളും കേരളം സന്ദര്‍ശിക്കാറുണ്ട് പുതിയ ബന്ധങ്ങള്‍ തേടാറുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഇവ പ്രത്യേക വകുപ്പുകളുടെ ചുമതലയായിട്ടായിരുന്നു കണ്ടിരുന്നത്. ഇതുപോലെയുള്ള ചര്‍ച്ചകളുടെ എണ്ണം കൂടി വന്നപ്പോള്‍ കുറേക്കൂടി മെച്ചപ്പെട്ട coordination ആവശ്യമെന്ന് കണ്ടു. അതിനായി കുറച്ചു കാലം മുമ്പ് ഉണ്ടാക്കിയ സംവിധാനമാണ് external cooperation എന്ന ഡിവിഷന്‍.
സമീപ കാലം വരെ സംസ്ഥാന സര്‍വീസില്‍ ഉണ്ടായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ സുമന്‍ ബില്ലയ്ക്കായിരുന്നു ഇതിന്റെ ചുമതല. അദ്ദേഹം കേന്ദ്ര സര്‍വീസിലേക്ക് പോയപ്പോള്‍ ശ്രീമതി വാസുകിക്ക് നല്‍കി. എന്താണ് ചെയ്യേണ്ടത് എന്നുള്ളത് ഉത്തരവില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.. വിദേശരാജ്യങ്ങളുമായി നയതന്ത്ര ബന്ധത്തില്‍ ഏര്‍പ്പെടാനും കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തില്‍ പെടുന്ന വിഷയങ്ങളില്‍ കൈ കടത്താനുമല്ല, മറിച്ച് സംസ്ഥാനത്തിന്റെ വികസനത്തിനായി പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായാണ് ഈ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തത്. ഇതാണ് ഒരു പത്രപ്രവര്‍ത്തകന്റെ mischievous, misleading ആയ ഒരു വാര്‍ത്തയില്‍ നിന്നും സംസ്ഥാനം ചര്‍ച്ചചെയ്യുന്ന ഒരു വിഷയമായി മാറിയത്.
പൊതുസമൂഹത്തിന് ചര്‍ച്ച ചെയ്യാന്‍ പ്രധാനപ്പെട്ട ധാരാളം പ്രശ്‌നങ്ങളുണ്ട്, ഇതുപോലെ പടച്ചുണ്ടാക്കുന്ന കള്ള വാര്‍ത്തകള്‍ നമ്മുടെ സമയം നഷ്ടപ്പെടുത്തരുത്.

See also  കുട്ടികളുടെ പ്രധാനമന്ത്രി ..ശ്രീജേഷിന്റെ മകനെയും ചേർത്ത് നിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, വീഡിയോ വൈറൽ

Related News

Related News

Leave a Comment