കെ.ആർ.അജിത
വടൂക്കര: അപർണ്ണയ്ക്ക് പഠിക്കണം. സ്കൂളിൽ ഉള്ള സമയം മാത്രം പേടിയില്ലാതെ പഠിക്കാൻ അപർണ്ണയ്ക്കു കഴിയുന്നുള്ളു. വീട്ടിലെത്തിയാൽ പിന്നെ ഭയമാണ്. ഏതു സമയത്തും ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടിൽ ഉറക്കമില്ലാതെ പേടിച്ചു നിലവിളിയാണ് അപർണ്ണ. വടൂക്കര എ.കെ.ജി നഗറിൽ വാകയിൽ തിലകന്റെയും സ്മിതയുടെയും മകളാണ് അപർണ്ണ. 80 ഓളം വർഷം പഴക്കമുള്ള ഇവരുടെ തറവാട് വീട്ടിൽ ബന്ധുക്കളെല്ലാം ഒഴിഞ്ഞു പോയതോടെ വീടിന്റെ അവസ്ഥയും മോശമായി. കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച വീട് ഏതു നിമിഷവും ഇടിഞ്ഞു വീഴുന്ന അവസ്ഥയിലാണുള്ളത്. തിലകനും ഭാര്യയും മകളുമാണ് ഈ വീട്ടിൽ ഇപ്പോൾ താമസം.
തിലകന്റെ 72 കാരിയായ മൂത്ത സഹോദരിയെ ഈ വീടിന്റെ ശോചനീയാവസ്ഥ കാരണം ആമ്പല്ലൂരിലുള്ള തണൽ ആശ്രമത്തിൽ താൽക്കാലികമായി താമസിപ്പിച്ചിരിക്കുകയാണ്. അവരെ ആഴ്ചയിൽ കാണുവാൻ പോകുമ്പോൾ വീടു പണി എന്തായി? കഴിഞ്ഞോ? ഓർമ്മകൾ മാഞ്ഞു തുടങ്ങിയ അവരുടെ ചോദ്യങ്ങൾക്കു മറുപടി നൽകാൻ കഴിയാതെ നിശബ്ദമാകുകയാണിവർ. പെയ്ന്റിംഗ് തൊഴിലാണ് തിലകൻ ചെയ്തു വരുന്നത്. കഴിഞ്ഞ ദിവസം വീടിന്റെ ഒരു തൂണ് ദേഹത്ത് വീണ് കാലിൽ പരിക്കുപറ്റി ചികിത്സയിലാണ് ഈ ഗൃഹനാഥൻ. അതുകൊണ്ട് ജോലിക്കു പോകുവാനും ഇദ്ദേഹത്തിന് കഴിയുന്നില്ല. ആകാശത്ത് മഴക്കാർ തെളിഞ്ഞാൽ ഹൃദയം പിളരും നോവാണ് ഇവർക്ക്. മഴയത്ത് ഇഴജന്തുക്കൾ വരുമെന്ന പേടിയിൽ 11 കാരിയായ അപർണ്ണമോൾ നിർത്താതെയുള്ള കരച്ചിലാണ്. ഈ വീട്ടിൽ നിന്നും പോവാം എന്നു പറഞ്ഞുള്ള അവളുടെ വാശിയിൽ നിസ്സഹായതയോടെ കേട്ടു നിൽക്കാൻ മാത്രമേ ഈ അച്ഛനും അമ്മയ്ക്കും കഴിയുന്നുള്ളു.
വീടു പണിക്കുള്ള സർക്കാരിന്റെ ധനസഹായമൊന്നും ഇതുവരെ ഇവർക്ക് ലഭിച്ചിട്ടില്ല. എല്ലാ ക്ലാസ്സിലും എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് വാങ്ങിയിരുന്ന അപർണ്ണ ഈ വീടിന്റെ ശോചനീയാവസ്ഥയിൽ പഠനത്തിൽ പിറകോട്ടായി. രാത്രിയിൽ വീട് വീഴുമെന്ന ഭയം മൂലം കുട്ടി മിക്കവാറും ഉറങ്ങാതെ പേടിച്ചിരിപ്പാണ്. ഇവരുടെ അവസ്ഥയ്ക്ക് ഒരു മാറ്റം ഉണ്ടായില്ലെങ്കിൽ ഈ കുടംബം ഒരു പക്ഷേ…..
തിലകൻ- 7558906193,9947154679