തിരുവല്ല (Thiruvalla) അയിരൂർ സ്വദേശി കവിതയെ (19) കുത്തി പരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ വച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അജിൻ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി. (The court found Ajin Reji Mathew guilty in the case of stabbing and injuring Kavitha (19), a native of Ayirur, and then dousing her with petrol and setting her on fire.) അഡീഷനൽ ജില്ലാ കോടതി (ഒന്ന്) മറ്റന്നാൾ ശിക്ഷ വിധിക്കും. 2019 മാർച്ച് 12നു തിരുവല്ലയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.
സഹപാഠിയായിരുന്ന കവിത പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന്, വഴിയിൽ തടഞ്ഞു നിർത്തി അജിൻ ആക്രമിക്കുകയായിരുന്നു. 70 ശതമാനത്തിലധികം പൊള്ളലേറ്റ പെൺകുട്ടി രണ്ടുനാൾ നീണ്ട ചികിത്സയ്ക്കൊടുവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു.
ആക്രമണത്തിനു ശേഷം കടന്നുകളയാൻ ശ്രമിച്ച അജിനെ, കൈ കാലുകൾ ബന്ധിച്ച് നാട്ടുകാർ പൊലീസിൽ ഏൽപിക്കുകയായിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്ന് കവിതയുടെ കുടുംബം ആവശ്യപ്പെട്ടു. പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രോസിക്യൂട്ടർ മാധ്യമങ്ങളോടു പറഞ്ഞു.


