സമൂഹ മാധ്യമങ്ങളിൽ ചൈനയിൽ ഏഴ് സൂര്യന്മാർ ആകാശത്ത് ഒന്നിച്ചുദിച്ച് നിൽക്കുന്ന ചിത്രം വൈറലാണ്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ചെംഗ്ഡുവിലെ ഒരു ആശുപത്രിയിൽ വച്ച് മിസ് വാങ് എന്ന സ്ത്രീ കഴിഞ്ഞ മാസം ആദ്യം ചിത്രീകരിച്ച ഒരു വൈറൽ വിഡിയോയിലാണ് അതിശയകരമായ കാഴ്ച പകർത്തിയത്.
നിമിഷനേരംകൊണ്ട് ഈ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചു. ഒരേ നിരയിൽ ഉദിച്ചുയർന്ന നിൽക്കുന്ന ഏഴ് സൂര്യന്മാർ. ഓരോന്നും പ്രകാശിക്കുന്ന തീവ്രതയിൽ വ്യത്യാസമുണ്ട്. ഒരുമിനിറ്റോളം നീണ്ടു നിൽക്കുന്ന വിഡിയോ കാഴ്‌ചക്കാരെ അമ്പരപ്പിക്കുന്നതാണ്.എന്നാലിപ്പോൾ ചിത്രത്തിനുപിന്നിലെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്.
ഇത് ആകാശത്തിൽ ഉണ്ടായ സ്വാഭാവിക പ്രതിഭാസമായിരുന്നില്ല. മറിച്ച് ആശുപത്രി ജനാലയുടെ പാളിയുള്ള ഗ്ലാസിലൂടെ ദൃശ്യം പകർത്തിയപ്പോൾ പ്രകാശം പ്രതിഫലിച്ചതുമൂലമുണ്ടായ മിഥ്യ പ്രതിബിംബങ്ങളാണ് 7 സൂര്യന്മാരായി ഫ്രെയിമിൽ ഇടം പിടിച്ചത്.
ചിത്രത്തിനു പിന്നിലെ ശാസ്ത്രീയ വശം പുറത്തു വന്നെങ്കിലും പലരും ഈ വിഡിയോക്ക് താഴെ തമാശകലർന്ന കമന്റുകളുമായെത്തി. “ഒടുവിൽ ആഗോളതാപനത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി”എന്നൊരു ഉപയോക്താവ് കമന്റ് ചെയ്തപ്പോൾ പ്രശ്നം കാന്തിക മണ്ഡലത്തിലെ തകരാറുമൂലമാണെന്നും കോസ്മിക് ബ്യൂറോ പ്രശ്നം പരിഹരിച്ചുവെന്നും മറ്റൊരാൾ പറഞ്ഞു.