സർവ്വമംഗളമയിയായ, അഭയ വരദായിനിയായ ഭദ്രകാളിയെ ദിനവും ഭക്തിയോടെ സ്തുതിച്ചാൽ സർവ്വ ഐശ്വര്യവും ദുഃഖനിവാരണവും ഉറപ്പാണ്. പഞ്ചഭൂതങ്ങളിൽപ്പെട്ട അഗ്നിയോടാണ് വേദങ്ങൾ കാളിയെ ഉപമിച്ചിരിക്കുന്നത്. ദേവീ ഭാഗവതത്തിൽ ആദിപരാശക്തിയുടെ 3 പ്രധാന ഭാവങ്ങളിൽ ഒന്നാണ് കാളി. ഉപാസകർ പ്രകൃതിയെ കാളിയായി സങ്കൽപിക്കുന്നു. ദശമഹാവിദ്യകൾ, സപ്തമാതാക്കൾ, നവദുർഗ്ഗ എന്നിവരിൽ പ്രധാനിയായി കാളിയെ ഭജിക്കുന്നു.
ദുർഗ്ഗയുടെ രൗദ്രഭാവമായാണ് ദേവീ മഹാത്മ്യത്തിൽ കാളിയെ വിശേഷിപ്പിക്കുന്നത്. കാളി സഹസ്രനാമത്തിൽ ഭഗവതിയെ കാലഭൈരവന്റെ ഭാര്യയായി അവതരിപ്പിച്ചിരിക്കുന്നു. കാളിയുടെ വിവിധ അവതാരങ്ങളിൽ ഐശ്വര്യവും അറിവുമേകുന്ന രാജസ, സാത്വിക ഭാവങ്ങളിലും ഭദ്രകാളി ആരാധിക്കപ്പെടുന്നുണ്ട്. നവരാത്രിയുടെ ഏഴാം നാൾ ദേവിയെ കാലരാത്രി മാതാവായി ഹൈന്ദവർ ആരാധിക്കുന്നു.
സർവ്വദുഃഖങ്ങളും ദുരിതങ്ങളും അകറ്റി ജീവിത വിജയം നൽകുന്ന പ്രപഞ്ചത്തിന്റെ അമ്മയായിട്ടാണ് കാളിയെ ആരാധിക്കുന്നത്. ശത്രുദോഷ ശാന്തിക്കും തമോഗുണ വിഷയങ്ങൾക്കുമാണ് ഭക്തർ ഭദ്രകാളിയെ കൂടുതൽ ആശ്രയിക്കുന്നത്. ജാതകത്തിൽ ഉത്തമ യോഗങ്ങളുണ്ടായിട്ടും അനുഭവ യോഗം ഇല്ലാത്തവർ ധാരാളമാണ്. ഇതിന് കാരണം ശത്രു ദോഷമായാണ് കണക്കാക്കുന്നത്.
ശത്രുദോഷങ്ങൾ അകറ്റി ദുരിതവും ദുഃഖവും മാറ്റി സന്തോഷകരമായ ഒരു ജീവിതം ലഭിക്കാൻ ഭദ്രകാളീവ്രതമെടുക്കുന്നത് നല്ലതാണ്. പാപശാന്തി, രോഗശാന്തി, കടബാധ്യത മാറുക, പ്രേമസാഫല്യം, ഇഷ്ടവിവാഹലബ്ധി, സന്താനഭാഗ്യം, ഉദ്യോഗവിജയം, വിദ്യാലാഭം, ചൊവ്വാ ദോഷം പരിഹാരം എന്നിവയ്‌ക്കെല്ലാം കാളീ മന്ത്ര ജപം ഉത്തമമാണ്.
ധ്യാനശ്ലോകം
കാളീം മേഘസമപ്രഭാം ത്രിനയനാം
വേതാളകണ്ഠസ്ഥിതാം
ഖഡ്ഗ ഖേടകപാല ദാരിക ശിര: കൃത്വാ
കരാഗ്രേഷു ച ഭൂതപ്രേത
പിശാചമാതൃ സവിതാം മുണ്ഡസ്രജാലംകൃതാം
വന്ദേ ദുഷ്ടമസൂരികാദിവിപദാം
സംഹാരിണീമീശ്വരീം