കറുത്തവാവ് അഥവാ അമാവാസി കഴിഞ്ഞു മൂന്നാമത്തെ ദിവസമാണ് തൃതീയ അഥവാ മൂന്നാം പിറ. ഈ ദിവസം രാത്രിയിൽ ചന്ദ്രനെ കാണുന്നത് വലിയ നേട്ടങ്ങൾക്ക് കാരണമാകും. എത്ര തന്നെ ആഗ്രഹിച്ചാലും ഈ ദിവസം ചന്ദ്രനെ കാണുക എന്നത് വലിയ ഭാഗ്യം തന്നെയാണ്.
സാക്ഷാൽ പരമശിവൻ അനുഗ്രഹിച്ചാൽ മാത്രമാണ് ഈ ദിവസം ചന്ദ്രനെ കാണാ ൻ സാധിക്കുക എന്നാണ് വിശ്വാസം. പരമേശ്വരൻ തലയിൽ ചൂടിയിരിക്കുന്നത് മൂന്നാം പിറ ചന്ദ്രനെയാണ്. തൃതീയ ദിവസം ചന്ദ്രനെ കാണാൻ സാധിച്ചാൽ അത് ഭഗവൽ കടാക്ഷമായി കണക്കാക്കാം കൈകൾ കൂപ്പി ഭഗവാനോട് ആ നേരം അപേക്ഷിക്കുന്ന കാര്യങ്ങൾ ഭഗവാൻ അനുഗ്രഹിച്ച് തരുമെന്നും വിശ്വസിക്കപ്പെടുന്നു. ഒപ്പം ഭഗവാനോട് നന്ദി പറയുകയുമാകാം.
ഈ ദിവസം ചന്ദ്രനെ കണ്ടാൽ സാമ്പത്തിക നേട്ടവും ഐശ്വര്യവുമൊക്കെ ലഭിക്കുന്നതിനോടൊപ്പം പൂർവ ജന്മ കർമഫലമായിട്ടുള്ള പാപങ്ങളിൽ നിന്നു മോചനം ലഭിക്കുകയും ചെയ്യും. തുടർച്ചയായി ഇത് കാണുക മഹാഭാഗ്യമായാണ് കണക്കാക്കുന്നത്. ഏറ്റവും ചുരുങ്ങിയത് അഞ്ചു പ്രാവശ്യമെങ്കിലും കാണാൻ കഴിഞ്ഞാൽ ഏതു കുചേലനും കുബേരനായി മാറുമെന്നാണ് വിശ്വാസം.
ചന്ദ്രനെ കാണുന്ന സമയം ഓം നമ:ശിവായ, ഓം ചന്ദ്രശേഖരായ നമഃ, ഓം ശശിധരായ നമഃ, ഓം ചന്ദ്ര കലാധരായ നമഃ എന്നു പ്രാർഥിക്കുന്നതും ഉത്തമമാണ്. ചന്ദ്രൻ മനസ്സിന്റെ കാരകനാണ് മാതൃകാരകനുമാണ്. അതിനാൽ തന്നെ ഈ ദിവസം ചന്ദ്രനെ കാണുന്നത് മനഃസന്തോഷം ലഭിക്കാൻ നല്ലതാണ്. കർക്കടകം രാശിയുടെ അധിപനായതിനാൽ പുണർതം 1/4, പൂയം, ആയില്യം നക്ഷത്രക്കാർ ചന്ദ്രനെ എപ്പോഴും കാണുന്നത് ഗുണകരമാണ്