മീനൂട്ട് നടത്തുന്ന അപൂർവ്വ ക്ഷേത്രം; ജാതിമത ഭേദമെന്യേ ജനങ്ങൾ വഴിപാടിനെത്തുന്നു…

Written by Web Desk1

Updated on:

കണ്ണൂർ (Kannoor) : കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന അപൂർവ്വമായ ഒരാചാരമാണ് മീനൂട്ട്. ക്ഷേത്രക്കുളത്തിലെയോ ക്ഷേത്രത്തിനരികിലെ പുഴയിലെ മീനുകൾക്ക് ഭക്ഷണം നൽകുന്ന ആചാരമാണിത്. ഇതൊരു വഴിപാടായാണ് ന‍ടക്കാറുള്ളത്. കൂടൽമാണിക്യം അടക്കമുള്ള ക്ഷേത്രങ്ങളില്‍ ഈ അപൂർവ്വാചാരം നിലനിൽക്കുന്നു. കണ്ണൂരിലെ ‘ഇരിക്കൂർ പെരുമണ്ണ് ചുഴലി ഭഗവതി’ ക്ഷേത്രത്തിലും മീനൂട്ടെന്ന ആചാരം സജീവമായി നടന്നുവരുന്നുണ്ട്. ഭഗവതീക്ഷേത്രത്തിൽ നിന്ന് അവിലും മലരും അരിയും ചേർന്ന നിവേദ്യമാണ് ക്ഷേത്രത്തിന് പിൻവശത്തൊഴുകുന്ന ഇരിക്കൂർ പുഴയിൽ മുങ്ങാംകുഴിയിട്ടു കളിക്കുന്ന കരിമീനുകൾക്ക് സ്വാദേറിയ വിഭവമായി മാറുന്നത്. മാരക രോഗങ്ങൾക്ക് ശാന്തിയുണ്ടാക്കാൻ മീനൂട്ടിലുടെ കഴിയുമെന്നാണ് വിശ്വാസം. പണ്ട് കോളറക്കാലത്ത് ഇരിക്കൂറിലെ ജനങ്ങൾ മീനുട്ട് നടത്താമെന്ന് നേർച്ച നേരാറുണ്ടായിരുന്നു. ഇപ്പോഴും മീനൂട്ട് വഴിപാട് സജീവമായി തുടരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.

പുഴയിൽ വെള്ളം കുറയുന്ന കാലത്ത് മീനുകൾ തെളിയും. ഈ സമയത്താണ് മീനൂട്ട് കാര്യമായി നടക്കാറ്. മിഥുനം മുതൽ തുലാവർഷം വരെ പുഴയിൽ മീനുകളെ കാര്യമായി കാണാറില്ല. പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാകുന്ന കാലവർഷത്തിൽ ക്ഷേത്രത്തിന്റെ പടവുകൾ കയറി വെള്ളം പൊങ്ങി വരും. കഴിഞ്ഞ പ്രളയകാലത്ത് ക്ഷേത്രത്തിലെ ചുറ്റമ്പലം വരെ വെള്ളം കയറിയിരുന്നു.

കരിഞ്ചി, പട്ടേൻ തുടങ്ങിയ മത്സ്യങ്ങളെ പിടികൂടിയാൽ ദോഷം സംഭവിക്കുമെന്നാണ് വിശ്വാസം. ഇരിക്കൂർ മാമാനിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഉപക്ഷേത്രമാണ് ചുഴലി ഭഗവതി ക്ഷേത്രം. മാമാനിക്കുന്നിൽ എത്തുന്നവർ ചുഴലി ഭഗവതി ക്ഷേത്രത്തിൽ മീനൂട്ട് നടത്തിയേ വരാറുള്ളൂ.

കേരളത്തിൽ നിന്നും, തൊട്ടടുത്തുള്ള കർണാടകത്തിലെയും നൂറുകണക്കിനാളുകളാണ് ചുഴലി ഭഗവതി ക്ഷേത്രത്തിൽ മീനൂട്ടിനെത്തുന്നത്. ഇവിടെ നടത്തുന്ന സ്വയംവര പൂജയും വിശേഷപ്പെട്ടതാണ്. ഇവിടെ കന്യകമാർ സ്വയംവരപൂജ നടത്തിയാൽ വിവാഹം വേഗം നടക്കുമെന്നാണ് വിശ്വാസം.

എല്ലാ ദിവസവും ഉദയം മുതൽ അസ്തമയം വരെ ക്ഷേത്രത്തിൽ മീനുട്ട് നടക്കുന്നു. ദേശാന്തരങ്ങൾ കടന്ന് മീനൂട്ട് വഴിപാട് പ്രശസ്തമായിട്ടുണ്ട്. ജാതിമത ഭേദമെന്യേ മീനൂട്ടിൽ പങ്കെടുക്കാൻ ആളുകളെത്തുന്നുണ്ട്. വിശ്വാസത്തിലുപരിയായി ചിലർ ജലോപരിതലത്തിൽ മലർ നിവേദിക്കുമ്പോൾ തരംഗമുണ്ടാക്കി കഴിക്കാനെത്തുന്ന മത്സ്യങ്ങളെ കാണാൻ കൗതുകവുമായി എത്തുന്നവരുമുണ്ട്.

See also  കലണ്ടർ പടിഞ്ഞാറ് വശത്തേക്കാണോ തൂക്കിയിരിക്കുന്നത്, എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞേ മതിയാകൂ…

Leave a Comment