തൃശൂർ: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പത്മജ വേണുഗോപാൽ തൃശൂരിൽ. കോൺഗ്രസിൽ കെ സുധാകരൻ മാത്രമാണ് എന്നോട് ആത്മാർഥമായി പെരുമാറിയത്. എന്നെ അനുജത്തിയെ പോലെയാണ് കണ്ടത്. സുധാകരേട്ടനെ വിട്ടുപോന്നപ്പോൾ മാത്രമാണ് എന്റെ മനസ്സൊന്ന് ആടിയത്. അദ്ദേഹത്തെ വിട്ടുപോരുന്നതിൽ മാത്രമാണ് മനസ്സ് ഇടറിയതെന്നും പത്മജ. ഏട്ടെനെന്ന നിലയിൽ മാത്രമാണ് കെ മുരളീധരനെ ഇഷ്ടം. ഇത്രകാലം കൂടെ ജീവിച്ചിട്ടും കെ മുരളീധരന്റെ മനസ്സ് എനിക്ക് മനസ്സിലായിട്ടില്ല. എന്നും അനിയത്തി എന്ന നിലയിലുള്ള ദൗർബല്യങ്ങളാണ് എന്നെ ഇവിടെ കൊണ്ട് എത്തിച്ചതെന്നും പത്മജ പറഞ്ഞു. തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്നും കെ മുരളീധരനെ എന്തിനാണ് തൃശൂരിൽ കൊണ്ട് നിർത്തിയതെന്ന് മനസ്സിലാകുന്നില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
വടകര ലോക് സഭ മണ്ഡലത്തിൽ മത്സരിച്ചാൽ മുരളീധരൻ വിജയിക്കുമായിരുന്നു. തൃശൂരിൽ കാലുവാരാൻ ഒരുപാട് പേരുണ്ട്. തന്നെ തോൽപ്പിച്ചതിൽ ടിഎൻ പ്രതാപനുൾപ്പെടെയുള്ള നേതാക്കൾക്കും പങ്കുണ്ടെന്ന് പത്മജ ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തൃശൂരിൽ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തിയപ്പോൾ വാഹനത്തിൽ കയറാൻ വേണ്ടി തന്റെ കൈയിൽ നിന്ന് 22.5
ലക്ഷം രൂപ വാങ്ങി. എന്നിട്ട് തന്നെ വാഹനത്തിൽ കയറ്റിയില്ല. ഡിസിസി പ്രസിഡന്റ് എംപി വിൻസെന്റാണ് പണം വാങ്ങിയത്. തരില്ലെന്ന് പറഞ്ഞപ്പോൾ എന്നാൽ ചേച്ചി, ചേച്ചിയുടെ കാര്യം നോക്ക് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
പ്രിയങ്ക വന്നപ്പോൾ ഞാൻ എവിടെ നിന്നാണ് കയറേണ്ടതെന്ന് ചോദിച്ചു. ചേച്ചി സ്റ്റേജിൽ വന്നാൽ മതിയെന്നാണ് പറഞ്ഞത്. അതോടെ ഞാൻ കയറുമെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കി. ഏത് വഴിയിലൂടെയാണ് വരുന്നതെന്ന് പോലും എന്നോട് പറഞ്ഞില്ല. പിന്നീട് പത്മജ ഔട്ട്, പ്രതാപൻ ഇൻ എന്ന് പത്രങ്ങൾ എഴുതി. മാർക്സിസ്റ്റ് പാർട്ടിയുടെ വോട്ടടക്കം തനിക്ക് തൃശൂരിൽ കഴിഞ്ഞ തവണ ലഭിച്ചു. പക്ഷേ കൂടെ നിന്നവർ കാലുവാരുകയായിരുന്നെന്നും പത്മജ ആരോപിച്ചു.
തൃശൂരിൽ കെ മുരളീധരന് സ്വീകരണം നൽകിയപ്പോൾ എന്നെ തോൽപ്പിച്ച രണ്ട് പേർ ജീപ്പിന്റെ അപ്പുറവും ഇപ്പുറവും നിന്നവരാണ്. വേറെ വലിയ നേതാക്കളുമുണ്ട്. എന്നെ വല്ലാതെ ചൊറിഞ്ഞാൽ പേര് ഞാൻ പറയും. പാവം മുരളിയേട്ടൻ വടകരയിൽ സുഖകരമായി ജയിച്ചുപോയെനേ. എന്നെ തോൽപ്പിച്ചവർ മുരളീധരനെയും തോൽപ്പിക്കുമെന്നും പത്മജ പറഞ്ഞു.