തൃശൂർ : വിഷുവിന് കണി കാണാനുള്ള കണിവെള്ളരി സുലഭമായി മാർക്കറ്റിൽ എത്തിത്തുടങ്ങി. തൃശ്ശൂർകാർക്കുള്ള കണിവെള്ളരി മാർക്കറ്റിൽ എത്തിക്കുന്നത് കൊടകരക്ക് അടുത്തുള്ള പന്തല്ലൂർ ഗ്രാമത്തിലെ വെള്ളരി കൃഷിക്കാരാണ്. കൊയ്ത്തു കഴിഞ്ഞ പാടത്ത് ജനുവരിയിൽ തന്നെ കണി വെള്ളരി വിത്ത് പാകി കൃഷി ഒരുക്കം തുടങ്ങും. പന്തല്ലൂരിൽ ഇരുപതോളം കർഷകരാണ് വെള്ളരി കൃഷി നടത്തുന്നത്. കഴിഞ്ഞവർഷം ഏഴു രൂപയാണ് കണിവെള്ളരിക്ക് ഉണ്ടായിരുന്നത്. ഈ വർഷമായതോടെ 18 രൂപയായി. മൂന്നുമാസം കൊണ്ട് വിളവെടുക്കാം എന്നതാണ് വെള്ളരി കൃഷിയുടെ പ്രത്യേകത. മാർച്ച് മാസത്തോടെ കണിവെള്ളരിയുടെ വിളവെടുപ്പ് നടക്കും. തൃശ്ശൂരിന്റെ പല പാടശേഖരങ്ങളിലും വെള്ളരി കൃഷി വ്യാപകമായി നടത്തുന്നുണ്ട്.
അന്തിക്കാട്, ചേലക്കര, വരന്തരപ്പിള്ളി എന്നീ മേഖലകളിലും വ്യാപകമായി വെള്ളരി കൃഷി നടത്തുന്നുണ്ട്. കൂടാതെ തമിഴ്നാട്, ആന്ധ്രപ്രദേശിൽ നിന്നും കണിവെള്ളരി തൃശ്ശൂർ മാർക്കറ്റിൽ എത്തിക്കാറുണ്ട്. മാർക്കറ്റിൽ 20 മുതൽ 30 വരെയാണ് വില ഈടാക്കുന്നത്. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ വേനൽക്കാലം ആകുന്നതോടെ തണ്ണിമത്തനും പൊട്ടു വെള്ളരിയും വ്യാപകമായ തോതിൽ കൃഷി ചെയ്തുവരുന്നുണ്ട്. തീരദേശങ്ങളോട് അടുത്തുള്ള പാടശേഖരങ്ങളിലും പൊട്ടു വെള്ളരിയും കണിവെള്ളരിയും വൻതോതിൽ കൃഷി ചെയ്തു കർഷകർ ലാഭം കൊയ്യുന്നു.